അറുത്തുമാറ്റാനാകില്ല, ജീവിതത്തിന്‍െറ ഈ പൊക്കിള്‍ക്കൊടി...

കോഴിക്കോട്: ഒരമ്മ കണ്ണും കാതും തുറന്നുവെച്ചിട്ടും അറുകൊലക്കിരയായ ജിഷയുടെ ഓര്‍മകള്‍ ചര്‍ച്ചയാവുമ്പോള്‍ സ്വന്തം ഭര്‍ത്താവിന്‍െറ ചവിട്ടേറ്റ് ഗര്‍ഭപ്രാതത്തില്‍ ഇല്ലാതായ കുഞ്ഞിന്‍െറ ഓര്‍മയിലാണ് ഈ അമ്മ. പക്ഷേ, സന്നദ്ധ പ്രവര്‍ത്തകരുടെ തണലില്‍, മൂന്നു കുഞ്ഞുങ്ങളുമായി ജീവിതത്തിന്‍െറ പച്ചപ്പിലേക്ക് കാലുവെക്കുകയാണ് സ്മിത എന്ന 35കാരി . മാതൃദിനത്തെ, ഗര്‍ഭപാത്രത്തില്‍നിന്ന് കൊലചെയ്യപ്പെട്ട കുഞ്ഞിന്‍െറ ഓര്‍മക്കുമുന്നില്‍ സമര്‍പ്പിക്കുന്ന അവര്‍ക്ക് പക്ഷേ, ജീവിതം ഇന്നും ഒരു ഞെട്ടലാണ്. ഭര്‍ത്താവിന്‍െറ പീഡനമേറ്റ് പലതവണ മരണത്തില്‍നിന്ന് തലനാരിഴക്ക് തിരിച്ചുവന്നപ്പോഴെല്ലാം സ്വന്തം കുഞ്ഞുങ്ങളായിരുന്നു അവരെ ജീവിപ്പിച്ചത്. 12ഉം 11ഉം അഞ്ചും വയസ്സുള്ള മക്കളെ വളര്‍ത്താനായി വീടുവിട്ടിറങ്ങേണ്ടി വന്നപ്പോള്‍ തണലായത് ചാത്തമംഗലത്തെ സാന്ത്വനം ട്രസ്റ്റ്.
തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ലഹരിക്ക് അടിമയായ ഭര്‍ത്താവിന്‍െറ മര്‍ദനത്തിന്‍െറ ഊക്കില്‍ ഗര്‍ഭപാത്രത്തില്‍ കൊല്ലപ്പെട്ട ഒമ്പതുമാസമായ കുഞ്ഞിന്‍െറ ഓര്‍മകള്‍ കൊല്ലം സ്വദേശിനിയായ സ്മിതക്ക് ഇന്നും നൊമ്പരമാണ്. ഭര്‍ത്താവിനൊപ്പമുള്ള യാത്രക്കിടെ രാത്രി അജ്ഞാതമായ ഏതോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട് ടെറസില്‍ അഭയംതേടിയപ്പോഴും കൂട്ടായത് കുഞ്ഞുങ്ങളുടെ ഓര്‍മ. വീണ്ടും ഉള്ളില്‍ നാമ്പെടുത്ത ഭ്രൂണം അകാല മൃത്യു വരിക്കുമെന്ന ഘട്ടത്തില്‍ വീടുവിട്ടിറങ്ങിയതാണ് ആ അമ്മ. ഭര്‍ത്താവില്‍നിന്ന് രക്ഷതേടിയിറങ്ങിയ ഇവര്‍ പേറ്റുനോവും പേറിയുള്ള അലച്ചിലിനൊടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് സ്മിതയെയും കുഞ്ഞുങ്ങളെയും സാന്ത്വനം സുധീര്‍ ഏറ്റെടുത്തത്. മെഡിക്കല്‍ കോളജില്‍നിന്ന് മൂന്നുമക്കളുമായി സാന്ത്വനത്തിന്‍െറ തണലിലത്തെിയിട്ട് ഇപ്പോള്‍ അഞ്ചുവര്‍ഷം. മാതൃദിനം എന്നൊരു ദിവസത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്ന സ്മിതയുടെ ഉള്ളില്‍ ബാക്കിയുള്ളത് തന്‍െറ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന മോഹം മാത്രം. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള സ്മിത ഇന്ന് സാന്ത്വനത്തിലെ എല്ലാമെല്ലാമാണ്. അവിടെത്തെ 14 അമ്മമാര്‍ക്കും തുണയായി അവരുടെ മകളായി സ്മിതയുണ്ട് എപ്പോഴും കൂടെ. ജിഷയുടെ അമ്മയുടെ വിലാപം ആരും കേള്‍ക്കുന്നില്ളേ എന്നാണ് സ്മിത പോകാന്‍ നേരം ചോദിച്ചത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.