പൂന്തോട്ടത്തിലേക്ക് വിഷവിത്ത് എറിയരുതേയെന്ന് ബി.ജെ.പിയോട് മുഖ്യമന്ത്രി

തിരുവനനന്തപുരം: കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജൽപനങ്ങള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ദെവത്തിന്‍റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക്  വിഷവിത്തുകൾ എറിയരുതേയെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.  

ബലാൽസംഘം, പരസ്യമായി വെട്ടിക്കൊല്ലൽ, രാഷ്ട്രീയകൊലപാതകങ്ങൾ, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകർന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് കുമ്മനം 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. . മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടിവിടാൻ കുമ്മനത്തിന്  കഴിയുന്നെന്നും ഉമ്മൻചാണ്ടി ചോദിച്ചു. ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതമാതാവെന്നു പറയാൻ സഖാക്കൾ ഇഷ്ടപ്പെടുന്നില്ലെന്നും അവർ പാക്കിസ്ഥാൻ അനുകൂല നിലപാട് എടുക്കുന്നവരാണെന്നും കുമ്മനം പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്. സ്വാതന്ത്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോൾ അത് അംഗീകരിക്കാതിരിക്കുകയും ചെയ്ത ചരിത്രം കമ്യൂണിസറ്റുകാർക്കുണ്ടെങ്കിലും കുമ്മനം ഇപ്പോൾ തുപ്പുന്നത് വർഗീയ വിഷം ആണെന്നു  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭാരതത്തിന്‍റെ ആത്മീയാചാര്യൻ ആദിശങ്കരനും ഗണിതശാസ്ത്ര വിദഗ്ധൻ സംഗമഗ്രാമ മാധവനും ജന്മം നൽകിയ നാടാണ് കേരളമെന്നു കുമ്മനം പറയുന്നു. എന്നാൽ, അവർ പകർന്നുതന്ന ആധ്യാത്മിക ബോധവും ശാസ്ത്രബോധവും യുകതിബോധവുമൊക്കെയാണ് കുമ്മനത്തെപ്പോലുള്ളവർ ഇപ്പോൾ ഇല്ലാതാക്കാൻ നോക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്ഘോഷിച്ച്  സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്‍റെ നാടാണ് കേരളം. ഏഴാം നൂറ്റാണ്ടിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ച ചേരമാൻ പെരുമാൾ എന്ന ഹിന്ദു രാജാവ്  നൽകിയ സ്ഥലത്ത് ഉയർന്ന ചേരമാൻ ജുമാ മസ്ജിദാണ്  ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മസ്ജിദ്.  ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ജോസഫ് റബ്ബാൻ എന്ന ജൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്കര രവിവർമ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങൾ നൽകി അവർക്ക് അഭയം നൽകിയ നാട് കൂടിയാണിത്. എരുമേലിയിൽ പേട്ടതുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്‍റെ അടുത്തേക്ക് അയ്യപ്പഭകതർ നീങ്ങുന്നത്. അങ്ങനെയുള്ള കേരളത്തെ പോറലേൽപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂിക്കാട്ടി.

കേരളത്തിെൻ്റ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി.ജെ.പി പരിവാരങ്ങളെ ഇവിടെനിന്നും അകറ്റിനിർത്തിയിരിക്കുന്നത്. വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങൾ കേരളം എക്കാലത്തും ചെറുത്തുതോൽപിച്ചിട്ടുണ്ടെന്നെും ഇനിയുമത് തുടരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.