ഫേസ്ബുക് പ്രണയം; യുവതിയെ തേടിയത്തെിയ ബംഗ്ളാദേശി യുവാവ് അറസ്റ്റില്‍

മേപ്പാടി (വയനാട്): അഞ്ചു മാസത്തെ ഫേസ്ബുക് പ്രണയത്തിനൊടുവില്‍ കാമുകിയും രണ്ട് കുട്ടികളുടെ അമ്മയുമായ 35കാരിയോടൊപ്പം രണ്ടു ദിവസം എസ്റ്റേറ്റ് പാടിയില്‍ കഴിഞ്ഞ ബംഗ്ളാദേശുകാരന്‍ യുവാവിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വിസയും മറ്റ് യാത്രാ രേഖകളൊന്നും കൈവശമില്ലാത്തതിനാലാണ് അറസ്റ്റ്. ബംഗ്ളാദേശ് പൗരനായ ജഹീദുല്‍ഖാന്‍ (25) ആണ് ഞായറാഴ്ച അറസ്റ്റിലായത്.

മൈസൂര്‍ കല്യാണം കഴിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ഇയാളും തമ്മിലുള്ള ഫേസ്ബുക് പ്രണയമാണ് അറസ്റ്റില്‍ കലാശിച്ചത്. അഞ്ചുമാസത്തെ ഫേസ്ബുക് പരിചയമാണ് ഇയാളെ ഇവിടെയത്തെിച്ചത്. ബംഗ്ളാദേശ് മദരിപുര്‍ ജില്ലയിലുള്ള ദുവാഷര്‍ സ്വദേശിയാണ് താനെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. വയനാട്ടില്‍ എന്തെങ്കിലും ജോലി ചെയ്ത് ഒരുമിച്ച് ജീവിക്കാമെന്ന യുവതിയുടെ വാഗ്ദാനം വിശ്വസിച്ചാണ് ഇയാള്‍ എത്തിയത്.

ബംഗ്ളാദേശ് അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് 4000 രൂപ കൈക്കൂലി നല്‍കിയാണ് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി ഇന്ത്യയിലത്തെിയതത്രെ. പിന്നീട് എവിടെയും ഒരു പരിശോധനയുമുണ്ടായില്ല. കൊല്‍കത്ത ഹൗറ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ മാര്‍ഗം യുവതി നിര്‍ദേശിച്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി വയനാട്ടിലേക്ക് ബസ് കയറി മുണ്ടക്കൈയില്‍ എത്തുകയായിരുന്നു.രണ്ടു ദിവസം ഇയാള്‍ യുവതിയോടൊപ്പം എസ്റ്റേറ്റ് പാടി മുറിയില്‍ താമസിച്ചു. യുവതിക്ക് ഹിന്ദി ഭാഷ വശമുണ്ടായിരുന്നതിനാല്‍ രണ്ടുപേരും തമ്മില്‍ ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. ഹിന്ദി സംസാരിക്കുന്ന അപരിചിതനെ രണ്ടു ദിവസമായി യുവതിയുടെ വീട്ടില്‍ കണ്ട നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് മേപ്പാടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.

ഫോറിനേഴ്സ് ആക്ട്, ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് എന്നിവ പ്രകാരം ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെയും പൊലീസ് ചോദ്യം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തിങ്കളാഴ്ച വൈകുന്നേരം ഇയാളെ കല്‍പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ മേയ് 23 വരെ റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ്ജയിലിലേക്കയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.