അഭിപ്രായഭിന്നതകള്‍ മറന്ന് എല്ലാവരും ‘തെരഞ്ഞെടുത്തത്’ ഖദര്‍

കോഴിക്കോട്: നിയമസഭയിലേക്ക് തെരഞ്ഞെടുക്കാന്‍ ചിഹ്നങ്ങളും പാര്‍ട്ടികളും നിരവധിയുണ്ടെങ്കിലും അങ്കത്തട്ടില്‍ പോരാട്ടത്തിന് എല്ലാവരും തെരഞ്ഞെടുത്തത് ഖദര്‍. ചൂടേറിയ തെരഞ്ഞെടുപ്പുകളരിയില്‍ അന്തരീക്ഷ താപനിലയുടെ വെല്ലുവിളികൂടിയായതോടെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പോലെ ഹിറ്റായിരിക്കുകയാണ് ഖദര്‍ തുണിത്തരങ്ങള്‍. ശ്വസിക്കുന്നവസ്ത്രം എന്നറിയപ്പെടുന്ന ഖദറിന് ശരീരത്തിലെ ചൂട് വലിച്ചെടുക്കാനാവുമെന്നതിനാല്‍ സ്ഥാനാര്‍ഥികളും നേതാക്കളും ആശ്വാസംതേടുന്നത് ഈ വേഷത്തിലാണ്. കുട്ടിനേതാക്കള്‍ മുതല്‍ പാര്‍ട്ടിയിലെ മുഖ്യന്മാര്‍വരെ നേതൃത്വത്തിന്‍െറ വലുപ്പച്ചെറുപ്പം നോക്കാതെ ഖദറിനുപിറകെയുണ്ട്. സാധാരണസമയത്തും സംസ്ഥാനത്തെ രാഷ്ട്രീയക്കാരുടെ ഒൗദ്യോഗികവേഷം ഖദറാണെങ്കിലും കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് ഈ വേഷത്തിന് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.

കോഴിക്കോട് മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ ഖാദിയുടെ വില്‍പനയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഖാദിഷോറൂമാണിത്. ബംഗ്ളാദേശിലെ ധാക്കയില്‍നിന്നത്തെുന്ന ധാക്ക മസ്ളിന്‍ തുണിയും മന്ത്രിമാരുടെ പ്രിയപ്പെട്ട മിനിസ്റ്റേഴ്സ് ഖാദിയുമാണ് ഖദര്‍ ഷര്‍ട്ട് തയ്ക്കാന്‍ ഏറെപ്പേരും ആശ്രയിക്കുന്നത്. ധാക്ക മസ്ളിന് മീറ്ററിന് 300 മുതല്‍ 1000 രൂപവരെയാണ് വില. 400 മുതല്‍ 1500 രൂപവരെ കൊടുത്താല്‍ മിനിസ്റ്റേഴ്സ് ഖാദി ഒരു മീറ്റര്‍ കിട്ടും. തയ്പ്പിക്കാന്‍ സമയമില്ലാത്തവര്‍ ഖാദിയുടെ ആര്‍.എം.എസ് വേങ്ങേരിയിലെ തൊഴിലാളികള്‍ തയ്ച്ച റെഡിമേഡ് ഷര്‍ട്ടും വാങ്ങുന്നുണ്ട്. 600 മുതല്‍ 1500വരെയാണ് ഇതിനു വില. വിവിധ സംസ്ഥാനങ്ങളിലെ ഖാദികേന്ദ്രങ്ങളില്‍നിന്നാണ് ഷര്‍ട്ടിനുള്ള തുണിത്തരങ്ങള്‍ എത്തിക്കുന്നത്.

ജില്ലക്കുപുറത്തുനിന്നുള്ള രാഷ്ട്രീയക്കാര്‍വരെ ഖദര്‍തേടി ഇവിടെയത്തെുന്നുണ്ടെന്ന് ഖാദി എംപോറിയം മാനേജര്‍ എം.കെ. ശ്യാമപ്രസാദ് പറയുന്നു.
ഖാദിയുടെ ചേമഞ്ചേരി, ചേളന്നൂര്‍ എന്നിവിടങ്ങളിലെ ഉല്‍പാദനകേന്ദ്രങ്ങളില്‍ നെയ്തെടുക്കുന്ന കുപ്പടം ധോത്തിയാണ് നേതാക്കന്മാരുടെ മറ്റൊരു ഇഷ്ടം. കുപ്പടം ഡബ്ള്‍ ധോത്തിക്ക് 400 മുതല്‍ 1462 രൂപ വരെയുണ്ട് വില. മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും സ്വീകരണങ്ങളിലും സ്ഥാനാര്‍ഥികളെയും പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെയും അണിയിക്കുന്നതിനായി ഖാദിനിര്‍മിത ഷാളുകളും ഏറെ വിറ്റുപോവുന്നുണ്ട്.

വളരെ നേരിയ നൂലുകൊണ്ടുണ്ടാക്കുന്നതിനാല്‍ നേര്‍മയുള്ളതും രാഷ്ട്രീയക്കാരുടെ പ്രിയനിറമായ വെണ്‍മയുടെ പരിശുദ്ധിയുമാണ് ഖദറിന് രാഷ്ട്രീയമണ്ഡലത്തില്‍ ഹീറോ പരിവേഷം നല്‍കിയത്. പശ മുക്കിയാല്‍ ചുളിവൊന്നുമില്ലാതെ ഏറെനേരം വടിവൊത്തുനില്‍ക്കുമെന്നതും ഖദറിന്‍െറമാത്രം ഗുണമാണ്. മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളേക്കാള്‍ നീണ്ട സമയം പ്രചാരണത്തിന് കിട്ടിയതും ചൂടുകൂടിയതും ഖദര്‍ വിപണനത്തിന് അനുഗുണമായി. സാധാരണഗതിയില്‍ വിഷു കഴിഞ്ഞാല്‍ കച്ചവടം കുറയാറുണ്ടെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് ചൂടുകൂടിയത് കച്ചവടം പൊടിപൊടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.