ആലപ്പുഴ: പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് സ്ഥാനാര്‍ഥികൂടിയായ ജി. സുധാകരന്‍ നോക്കിനിന്നെന്ന പരാതിയില്‍ പ്രിസൈഡിങ് ഓഫിസര്‍ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കി. ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ ആര്‍. ഗിരിജയാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പിന് തടസ്സം ഉണ്ടായിട്ടില്ളെന്നും കുറച്ചാളുകള്‍ തള്ളിക്കയറിയതുമൂലമുണ്ടായ പ്രശ്നങ്ങളും അസൗകര്യങ്ങളും മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. വി.എസ് വോട്ടുചെയ്യുമ്പോള്‍ സുധാകരന്‍ നോക്കിനിന്ന് ഇടപെട്ടെന്ന ആക്ഷേപത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും അറിയുന്നു.
അതേസമയം, പ്രിസൈഡിങ് ഓഫിസറെ വകവെക്കാതെ ഒരുകൂട്ടമാളുകള്‍ പോളിങ് ബൂത്തിലേക്ക് തള്ളിയക്കയറുകയും പൊലീസ് നോക്കുകുത്തിയാവുകയും ചെയ്തതാണ് യഥാര്‍ഥ പ്രശ്നമെന്ന് ജി. സുധാകരന്‍ എം.എല്‍.എ ആരോപിച്ചു. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല. തന്നെയും വി.എസിനെയും കുടുംബത്തെയും ആക്ഷേപിക്കാന്‍ ചിലര്‍ മെനഞ്ഞ കഥയാണിത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കാന്‍ പാടില്ളെന്ന് നല്ല ബോധം തനിക്കുണ്ട്.
ആഭ്യന്തരമന്ത്രിയുടെ ആള്‍ക്കാരും ബി.ജെ.പിക്കാരും ചേര്‍ന്ന് ബൂത്തില്‍ അസൗകര്യമുണ്ടാക്കുകയും അത് സുഗമമായി വോട്ടുചെയ്യാന്‍ വി.എസിന് തടസ്സമാവുകയും ചെയ്തിരുന്നു. തന്നെ അപമാനിക്കാനാണ് ഇത്തരമൊരു സംഭവം മെനഞ്ഞത്. നിയമപരമായി പോവുകയാണെങ്കില്‍ വാസ്തവം വെളിപ്പെടുത്താനും പൊലീസ് കൃത്യവിലോപം ചൂണ്ടിക്കാണിക്കാനും കഴിയും. ചില മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പാര്‍ട്ടിപത്രം പോലും സംരക്ഷിക്കാനുണ്ടായില്ളെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.