കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്; ഒരാള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: തലശ്ശേരി: പിണറായിയില്‍ ആഹ്ളാദ പ്രകടനത്തിലേക്കുണ്ടായ ബോംബേറിലും ആക്രമണത്തിലും സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. ചേരിക്കല്‍ കറുത്താങ്കണ്ടി വീട്ടില്‍ രവീന്ദ്രന്‍ (55) ആണ് മരിച്ചത്. പിണറായി പുത്തങ്കണ്ടം കമ്പനിമെട്ടയില്‍ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ആഹ്ളാദ പ്രകടനത്തിനുനേരെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. ബോംബ് പൊട്ടിയതോടെ ചിതറിയോടിയ ജനക്കൂട്ടത്തിലേക്ക് വീണ്ടും ബോംബുകളെറിഞ്ഞ സംഘം ലോറി ഓടിച്ചുകയറ്റിയത്രെ. രവീന്ദ്രന്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു.

എന്നാല്‍, ബി.ജെ.പി അംഗം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പുത്തങ്കണ്ടത്ത് നടത്തിയ പ്രകടനത്തിനുനേരെ സി.പി.എമ്മുകാര്‍ ആക്രമണം നടത്തിയശേഷം ഓടിരക്ഷപ്പെടുന്നതിനിടെ രവീന്ദ്രന്‍ വാഹനത്തിനടിയില്‍പ്പെട്ട് മരിച്ചതാണെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ പി. സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തില്‍ പരിക്കേറ്റ പിണറായി സ്വദേശികളായ പുതിയപറമ്പത്ത് പ്രകാശന്‍െറ മകന്‍ പ്രസൂണ്‍ (21), നിധീഷ് (32), ചന്ദ്രോത്ത് ഹൗസില്‍ ലിജു, മാണിയത്ത് വീട്ടില്‍ വിജിയുടെ മകന്‍ ആദര്‍ശ് (17), മാണിയത്ത് വീട്ടില്‍ ബാബുരാജിന്‍െറ മകന്‍ നിവേദ് (21), സായൂജ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സി.പി.എം നേതാക്കളായ പിണറായി വിജയന്‍, എം.വി. ജയരാജന്‍ തുടങ്ങിയവരും പ്രവര്‍ത്തകരും ആശുപത്രിയിലത്തെി.
മരിച്ച രവീന്ദ്രന്‍െറ മകന്‍ ജിതിനെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രവീന്ദ്രന്‍െറ മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: ഗീത (ദിനേശ് ബീഡി തൊഴിലാളി). മറ്റൊരു മകന്‍: രജിന്‍. സഹോദരങ്ങള്‍: രാജു, പവിത്രന്‍.
അതിനിടെ, പുത്തങ്കണ്ടത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മാറോളി പ്രേംജിത്ത്, മാതൃസഹോദരി അജിത മാറോളി, അമ്മാവന്‍ വിനോദ് മാറോളി, മൂര്‍ക്കോത്ത് വത്സന്‍ എന്നിവരുടെ വീടുകള്‍ക്കുനേരെ അക്രമം നടന്നു. കൊടുവള്ളിയിലെ ആര്‍.എസ്.എസ് ഓഫിസും തകര്‍ത്തിട്ടുണ്ട്.

പിണറായി ഏരിയയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

കൊലപാതകത്തിലും അക്രമത്തിലും പ്രതിഷേധിച്ച് പിണറായി ഏരിയയില്‍ വെള്ളിയാഴ്ച ഉച്ച രണ്ടുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലാചരിക്കും. വാഹനങ്ങളെ  ഒഴിവാക്കിയിട്ടുണ്ട്. പിണറായി, ധര്‍മടം, വേങ്ങാട്, കോട്ടയം പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹാനം ചെയ്തത്. പ്രാദേശികമായി നടത്താന്‍ നിശ്ചയിച്ച ആഹ്ളാദപ്രകടനങ്ങള്‍ ഒഴിവാക്കി വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് എം.വി. ജയരാജന്‍ ആവശ്യപ്പെട്ടു.

ചാലക്കുടിയിൽ ആഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ചാലക്കുടി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

നേമത്ത് സി.പി.എം–ബി.ജെ.പി സംഘര്‍ഷം

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നേമത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. പൊലീസ് ജീപ്പ് എറിഞ്ഞുതകര്‍ത്തു. രണ്ട് പൊലീസുകാരും രണ്ട് സി.പി.എം പ്രവര്‍ത്തകരും കല്ളേറില്‍ പരിക്കേറ്റ് ചികിത്സയില്‍. സി.പി.എം കമ്മിറ്റി ഓഫിസുകള്‍ ബി.ജെ.പിക്കാര്‍ അടിച്ചുതകര്‍ത്തു. നാല് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സി.പി.എമ്മുകാരെ വിട്ടയക്കാനാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
പഴയ കാരയ്ക്കാമണ്ഡപത്ത് ഉച്ചക്ക് ഒരു മണി കഴിഞ്ഞാണ് അനിഷ്ട സംഭവങ്ങള്‍ക്ക് തുടക്കമായത്.  സി.പി.എം പ്രവര്‍ത്തകര്‍ റാലിക്കുനേരെ കല്ളെറിഞ്ഞെന്ന് ബി.ജെ.പിക്കാരും മറിച്ചാണ് സംഭവമെന്ന് സി.പി.എമ്മും പറയുന്നു. തുടര്‍ന്ന് ഇരുവിഭാഗവും കല്ളെറിഞ്ഞു. അതിനിടെ കാരക്കാമണ്ഡപ ത്ത് ബി.ജെ.പിക്കാരുടെ ഫ്ളക്സിന് മുന്നില്‍ ആരോ കരിങ്കൊടി നാട്ടി. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി വലിച്ചെറിയുകയും ഇടതുകക്ഷികളുടെ ജങ്ഷനിലെ ബൂത്ത് ഓഫിസ് തകര്‍ക്കുകയും ചെയ്തു. പിന്നാലെയത്തെിയ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പിക്കാരും ഏറ്റുമുട്ടി. പരസ്പരം കല്ളെറിഞ്ഞു.  കല്ളേറില്‍ നേമം സ്റ്റേഷനിലെ പൊലീസ് ജീപ്പിന്‍െറ വശത്തെയും പിന്നിലെയും ഗ്ളാസ് പൂര്‍ണമായും തകര്‍ന്നു.

വോട്ടെണ്ണലിനെ തുടർന്ന് കാസർകോട് ജില്ലയിൽ സംഘർഷം പടർന്നതോടെ കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളിൽ ഒരാഴ്ചത്തെ നിരോധനാജ്ഞ കലക്ടർ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയിൽ സി.പി.എം- മുസ് ലിം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. സി.പി.എം പ്രവർത്തകന്‍റെ ബൈക്ക് അക്രമികൾ കത്തിച്ചു. ലീഗ് ഒാഫീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസർകോട് ഗവ. കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ലീഗ്-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങൾ കല്ലേറ് നടത്തിയതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. ഉളിയത്തടുക്കയിൽ യു.ഡി.എഫ് ബി.ജെ.പി സംഘർഷമുണ്ടായി.

കാസർകോട് വിജയിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ഇ. ചന്ദ്രശേഖന്‍റെ പര്യടന വാഹനത്തിന് നേരെ മാവുങ്കലിൽ കല്ലേറുണ്ടായി. ചന്ദ്രശേഖരനും സി.പി.എം സംസ്ഥാന സമിതിയംഗം എ.കെ നാരായണനും ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ നാരായണനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എസ്. രാജേന്ദ്രന്‍റെ വിജയാഹ്ലാദ പ്രകടനത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷമുണ്ടായി. ഒരു സിവിൽ പൊലീസ് ഒാഫീസർക്ക് പരിക്കേറ്റു.

കോട്ടയം തിരുവാർപ്പ് കാഞ്ഞിരത്തിൽ സി.പി.എം-ബി.ഡി.ജെ.എസ് സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. വെട്ടേറ്റ സി.പി.എം പ്രവർത്തകരായ നിസാമുദ്ദീൻ, അനൂപ് പി. രാജ്, സരുൺ സന്തോഷ്, പ്രവീൺ തമ്പി, സുധീ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ പ്രകടനമായി പോയ ബി.ഡി.ജെ.എസ് പ്രവർത്തകരാണ് അക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.

കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ, ഒഞ്ചിയം, വില്യാപ്പള്ളി എന്നിവിടങ്ങളിൽ ആഹ്ലാദ പ്രകടനത്തിനിടെ ആക്രമണമുണ്ടായി. തിരുവള്ളൂരിലുണ്ടായ കല്ലേറിൽ എസ്.ഐ കെ. നൗഫൽ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഒഞ്ചിയം കുന്നുമ്മക്കരയിൽ ആർ.എം.പി ഒാഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. വില്യാപ്പള്ളിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രകടനം മുഖാമുഖം എത്തിയതിനിടെയാണ് സംഘർഷമുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.