വിധിയറിഞ്ഞ് മുഖംവാടി ഉമ്മന്‍ചാണ്ടി

കോട്ടയം: പുതുപ്പള്ളിയിലെ വീട്ടില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ പുലര്‍ച്ചെയും ചെറുചിരിയിലായിരുന്നു ഉമ്മന്‍ ചാണ്ടി. മാധ്യമപ്രവര്‍ത്തകരുമായി സെല്‍ഫി എടുക്കാന്‍ പോലും അദ്ദേഹം കൂടി. പൊതുവേയുള്ള തിരക്കില്ലായിരുന്നെങ്കിലും പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു മുറ്റത്തും വീട്ടിലുമായി. വോട്ടെണ്ണല്‍ തുടങ്ങിയതോടെ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും വീടിന്‍െറ ഹാളില്‍ സീറ്റുറപ്പിച്ചു. മറ്റൊരുമുറിയില്‍ ഫോണിനടുത്തായി ഉമ്മന്‍ ചാണ്ടിയും ഇരുന്നു.
പുതുപ്പള്ളിയില്‍ ലീഡെന്ന് ബൂത്തില്‍നിന്നുള്ള വിവരം ജില്ലാ പഞ്ചായത്ത് അംഗം സണ്ണി പാമ്പാടി അറിയിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് കുലുക്കമൊന്നുമില്ല.

ഒരോ ചലനവും ഒപ്പിയെടുക്കാന്‍ ഇംഗ്ളീഷ് ചാനലുകളില്‍നിന്നടക്കം വലിയൊരു മാധ്യമപ്പട ചുറ്റും. എല്‍.ഡി.എഫ് മുന്നിലേക്ക് എന്ന വിവരം എത്തിയതോടെ ഉമ്മന്‍ ചാണ്ടിയുടെ മുഖം വാടി. ഇടക്ക് പ്രവര്‍ത്തകരോട് നേമത്തെക്കുറിച്ച് അന്വേഷണം. ഒ. രാജഗോപാലിന് ലീഡെന്ന് അറിയിച്ചപ്പോള്‍ മുഖം കൂടുതല്‍ മങ്ങി. ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥ് പിന്നിലെന്ന് പറഞ്ഞതോടെ വീണ്ടും മാറി. ഇതിനിടയില്‍ വിജയാഘോഷവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തി. ഇതോടെ സീറ്റില്‍നിന്ന് എഴുന്നേറ്റു. ചെറുചിരിയും കുശലാന്വേഷണവും. മിനിറ്റുകള്‍ നീണ്ട കൂടിക്കാഴ്ചക്കുശേഷം തിരുവഞ്ചൂര്‍ മടങ്ങി. 12.30വരെ കസേരയില്‍ നിന്നനങ്ങാതിരുന്ന ഉമ്മന്‍ ചാണ്ടി ഫലപ്രഖ്യാപനം ഏറെക്കുറെ പൂര്‍ണമായതോടെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക്. കഴിഞ്ഞ ദിവസംവരെ മുഖത്ത് ഉണ്ടായിരുന്ന ആത്മവിശ്വാസം മാഞ്ഞിരുന്നു. ജനവിധി ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.