ഏഴ് അംഗങ്ങള്‍ ഉടന്‍; കാലിക്കറ്റ് സിന്‍ഡിക്കേറ്റും ഇടത്തോട്ട്

തേഞ്ഞിപ്പലം: സംസ്ഥാന ഭരണത്തിനുപിന്നാലെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റും ഇടത്തോട്ട്. യു.ഡി.എഫ് നിയന്ത്രിത സിന്‍ഡിക്കേറ്റിലെ സര്‍ക്കാര്‍ നോമിനികളെ പിന്‍വലിച്ച് പുതിയയാളുകളെ നിയമിച്ചാണ് ഇടതു മേധാവിത്വം ഉറപ്പാക്കുന്നത്. മന്ത്രിസഭ രൂപവത്കരണത്തിനു പിന്നാലെയായി ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ആറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറിയെന്ന നിലക്ക് ഒരാളെയുമാണ് സിന്‍ഡിക്കേറ്റില്‍ ഉടന്‍ നിയമിക്കുക. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്ന പേരില്‍ മുന്‍ സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്ത ഡോ. വി.പി. അബ്ദുല്‍ ഹമീദ്, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, ആബിദ ഫാറൂഖി, ഡോ. സി.ഒ. ജോഷി എന്നിവരെയാണ് ഉടന്‍ പിന്‍വലിക്കുക. മറ്റൊരു നോമിനേറ്റഡ് അംഗമായ പി.കെ. സുപ്രന്‍ ബാലുശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാവുന്നതിനായി നേരത്തേ രാജിവെച്ചിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ ഉന്നത വിദ്യാഭ്യാസ മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വറിന്‍െറ സിന്‍ഡിക്കേറ്റംഗത്വം ഒഴിഞ്ഞുകിടക്കുകയാണ്. നാമനിര്‍ദേശ അംഗങ്ങളെ പിന്‍വലിക്കുന്നതിനുമുമ്പ് ഇവര്‍ രാജിവെക്കാനും സാധ്യതയുണ്ട്.
വി.സി, പ്രോ-വി.സി, സര്‍ക്കാര്‍ സെക്രട്ടറിമാര്‍ എന്നീ എക്സ്ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 27 പേരാണ് നിലവില്‍ കാലിക്കറ്റ് സിന്‍ഡിക്കേറ്റിലുള്ളത്. ഇതില്‍ ഇടതുപക്ഷത്തുനിന്ന് മൂന്നുപേരാണുള്ളത്. പുതുതായത്തെുന്ന ഏഴും നാല് സര്‍ക്കാര്‍ സെക്രട്ടറിമാരും കൂടി ആവുമ്പോള്‍ ഇടത് പ്രാതിനിധ്യം 14 ആവും. ടി.എന്‍. പ്രതാപന്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവരുടെ ഒഴിവും നികത്തേണ്ടതുണ്ട്.
പുതിയ നാമനിര്‍ദേശ അംഗങ്ങളെ നിയമിച്ചാലും മുന്‍കാലത്തെ അപേക്ഷിച്ച് വലിയ ഭൂരിപക്ഷം ഇടതിനുണ്ടാവില്ല. ഈ പ്രശ്നം മറികടക്കാന്‍ സിന്‍ഡിക്കേറ്റ് പിരിച്ചുവിടാനും സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.