തൃശൂര്‍: ‘പത്തു കൊല്ലം ഇങ്ങനെയൊക്കെ പോയി, ഇനി എങ്ങനെയായിരിക്കും’? -എം.കെ. വിജയം രണ്ട് ദിവസമായി ചിന്തിക്കുന്നത് അതാണ്. അക്കാര്യം നേരിട്ട് ചോദിക്കാന്‍ ആളെ നേരാംവണ്ണം കണ്ടിട്ടു വേണ്ടേ. ‘ഇവിടേം തിരുവനന്തപുരത്തും ഒക്കെയായി ആകെയൊരു ഡിസ്ലൊക്കേഷനാവും. എന്താ ചെയ്യണ്ടേന്ന് അറിയില്ല’ -പ്രഫ. എം.കെ. വിജയം പറഞ്ഞു.
ഇത് പ്രഫ. സി. രവീന്ദ്രനാഥിന്‍െറ ഭാര്യ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരില്‍ തൃശൂരില്‍നിന്നുള്ള സി.പി.എം പ്രതിനിധി സി. രവീന്ദ്രനാഥ് പുതുക്കാട്ടു നിന്നുള്ള എം.എല്‍.എയാണെങ്കിലും താമസം തൃശൂര്‍ നഗരത്തിലാണ്. നഗരത്തിലെ കാനാട്ടുകരയില്‍ ശ്രീകേരളവര്‍മ കോളജിനടുത്ത് ‘ലക്ഷ്മിഭവനി’ല്‍ താമസമാക്കിയിട്ട് 26 വര്‍ഷമായി. കേരളവര്‍മയില്‍ അധ്യാപികയായിരുന്നു വിജയം. സെന്‍റ് തോമസ് കോളജില്‍ രസതന്ത്രം പഠിപ്പിക്കാന്‍ രവീന്ദ്രനാഥ് സൈക്കിളില്‍ പോയി വന്നത് ഈ വീട്ടില്‍നിന്നാണ്. ഇരുവരുടെയും ജോലിയുടെ സൗകര്യം നോക്കിയാണ് തൃശൂരില്‍ താമസമാക്കിയത്.
2006ല്‍ കൊടകര മണ്ഡലത്തിലും കഴിഞ്ഞ തവണ പുതുക്കാട്ടും പ്രഫ. രവീന്ദ്രനാഥിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ആ ആത്മാര്‍ഥത വിജയം കാണുമെന്ന കാര്യത്തില്‍ വിജയക്ക് സംശയമുണ്ടായിട്ടില്ല. ‘ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അങ്ങേയറ്റത്തെ ആത്മാര്‍പ്പണം, അതാണ് മാഷിന്‍െറ ശീലം. അത് എം.എല്‍.എ ആയപ്പോള്‍ കിട്ടിയതല്ല. ജീവിതത്തിലെ നയമാണ് -അവര്‍ പറയുന്നു. അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ അദ്ദേഹത്തിന്‍െറ ചിട്ട കേട്ടാല്‍ മതി. രാവിലെ ഏഴിന് വീട്ടില്‍നിന്നിറങ്ങും, മണ്ഡലത്തിലേക്ക്. തിരിച്ചു വരുമ്പോള്‍ പത്തോ പത്തരയോ.
എം.എല്‍.എക്ക് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വക താമസ സ്ഥലമുണ്ടെങ്കിലും പത്തു വര്‍ഷത്തിനിടെ ഭാര്യ അവിടെ താമസിച്ചത് രണ്ടേ രണ്ടു തവണ, അതും ഒന്നോ രണ്ടോ ദിവസം. മകളുടെ വിവാഹത്തിനു മുമ്പാണത്. ‘ഇനിയും അങ്ങനെയാവുമോ?, തിരുവനന്തപുരത്തക്ക് താമസം മാറ്റുകയല്ളേ’ എന്ന ചോദ്യത്തിന് ‘അതാണിപ്പൊ ആകെയൊരു സംശയം’ എന്ന് മറുപടി. സംശയ നിവൃത്തിക്ക് രണ്ട് മിനിറ്റെങ്കിലും ഭര്‍ത്താവിനോട് സംസാരിക്കാന്‍ കഴിയണ്ടേ. മണ്ഡലത്തില്‍പെട്ട നെന്മണിക്കര പാലിയേക്കര കുന്നത്തേരി തെക്കേമഠത്തില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പീതാംബരന്‍ കര്‍ത്തായുടേയും ചേരാനെല്ലൂര്‍ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനാണ്.
61കാരനായ മാഷ് ഉള്‍പ്പെട്ട ഇടതുപക്ഷ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതു കാണാന്‍ ബുധനാഴ്ച രാവിലെ മകന്‍ ജയകൃഷ്ണനുമൊത്ത് വിജയം തിരുവനന്തപുരത്തേക്ക് പോകും. മകള്‍ ഡോ. ലക്ഷ്മീദേവി ഭര്‍ത്താവ് നന്ദകുമാറിനൊപ്പം അമേരിക്കയിലെ ടെക്സാസിലാണ്. നാലു വര്‍ഷമായി നാട്ടില്‍ വന്നിട്ട്. മകന്‍ ജയകൃഷ്ണന്‍ ആലുവ സി.എം.ആര്‍.എല്ലില്‍ സീനിയര്‍ മാനേജരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.