പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം: പുതുപ്രതീക്ഷകളുമായി പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

ഗവര്‍ണരുടെ അനുമതിയോടെ പിണറായി വിജയനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ചീഫ് സെക്രട്ടറി ക്ഷണിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയാ‍യി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ  ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ ബാലൻ, കെ.ടി ജലീൽ, ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി മൊയ്തീൻ, കെ. രാജു, ടി.പി. രാമകൃഷ്ണൻ, സി. രവീന്ദ്രനാഥ്, കെ.കെ ശൈലജ, ജി.സുധാകരൻ, അഡ്വ: വി.എസ് സുനിൽകുമാർ, പി. തിലോത്തമൻ, ഡോ: തോമസ് ഐസക്ക് എന്നിവർ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു.

കേരളം പിറന്ന ശേഷമുള്ള  22ാമത്തെ മന്ത്രിസഭയാണ് ഇത്. സംസ്ഥാനത്തിൻെറ 12ാമത്തെയും കണ്ണൂരിൽ നിന്നുള്ള രണ്ടാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി. മുമ്പ് ഇ.കെ നായനാർ കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രിയായിട്ടുണ്ട്. സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ നിയുക്ത മന്ത്രിമാരുടെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ഇടത് പ്രവര്‍ത്തകരും തലസ്ഥാനത്തെത്തിയിരുന്നു. ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രക്തസാക്ഷി കുടുംബങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. പ്രമുഖ നേതാക്കളെയെല്ലാം ചടങ്ങിലേക്ക് നിയുക്ത മുഖ്യമന്ത്രിതന്നെ നേരിട്ട് ക്ഷണിച്ചിരുന്നു. അണികളുടെ സാന്നിധ്യം ഉറപ്പാക്കാനാണ് സ്റ്റേഡിയത്തിലേക്ക് ചടങ്ങ് മാറ്റിയത്.

മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് പ്രസിഡൻറുമായ  എച്.ഡി ദേവഗൗഡ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, വി.എസ് അച്യുതാനന്ദൻ,  കെ.ആർ ഗൗരിയമ്മ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, കാനം രാജേന്ദ്രൻ, മമ്മൂട്ടി, ദിലീപ്, ഇന്നസെൻറ്, കെ.പി.എ.സി ലളിത, സംവിധായകൻ രഞ്ജിത്ത്, കെ.ബാലകൃഷ്ണ പിള്ള എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.

സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കുന്ന ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കും. രാത്രി ഏഴിന് ആദ്യ മന്ത്രിസഭായോഗം ചേരും.

 


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.