അങ്കമാലി: വാഹനാപകടത്തില്‍ മസ്തിഷ്ക്ക മരണം സംഭവിച്ച യുവാവ് ഇരു കൈകളടക്കമുള്ള അവയവങ്ങള്‍ ദാനം ചെയതത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കി. ചെങ്ങമനാട് പുതുവാശ്ശേരി പള്ളിപ്പറമ്പില്‍ റൈസണ്‍ സണ്ണിയുടെ (24) അവയവങ്ങളാണ് ദാനം ചെയ്തത്. മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് പിതാവ് സണ്ണിയും മാതാവ് ഷാലിയും എടുത്ത തീരുമാനമാണ് ആറ് പേര്‍ക്ക് ജീവതുടിപ്പായത്. ചാലക്കുടി കൊരട്ടിക്ക് സമീപം പൊങ്ങം കവലയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ചാണ് റൈസണ്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ റൈസണിനെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി എല്‍.എഫ്. ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരു കൈകളും, വൃക്കകളും, കരളും, കണ്ണുകളും എടുത്തത്. ഡോ.പ്രവീണ്‍വര്‍മ്മ, ഡോ.സുബ്രഹ്മണ്യ അയ്യര്‍, ഡോ.ബിനോജ്.എസ്.ടി. എന്നിവരുടെ നേതൃത്വത്തിലാണ് അവയവങ്ങള്‍ എടുത്തത്. ബുധനാഴ്ച പുലര്‍ച്ചെയോടെ കൈകളും വൃക്കയും കരളും അമൃത ആശുപത്രിയില്‍ എത്തിച്ചു. കണ്ണൂര്‍ ഇരട്ടി സ്വദേശി ജിത്തുവിനാണ് കൈകള്‍ നല്‍കിയത്. നിര്‍ധന കുടുംബാംഗമായ ജിത്തു പഠനത്തിന് പണം കണ്ടത്തൊന്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റ് ഇരു കൈകളും മുട്ടിന് താഴെ നഷ്ടമായത്.
പത്തനംതിട്ട സ്വദേശിനിയായ 27 കാരിക്കാണ് റൈസന്‍െറ വൃക്ക നല്‍കിയത്. മറ്റൊരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് മാറ്റിവെച്ചു. അമൃതയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കരളും മാറ്റി വെച്ചു. കൈകളും, കരളും സ്വീകരിച്ചവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേത്ര പടലത്തിന്‍െറ തകരാറ് മൂലം കാഴ്ച നഷ്ടപ്പെട്ട രണ്ട് പേര്‍ക്ക് വ്യാഴാഴ്ച രാവിലെ എല്‍.എഫ്.ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് കേരള നേത്രബാങ്ക് അസോസിയേഷന്‍ പ്രസിഡന്‍റ്കൂടിയായ എല്‍.എഫ്. ആശുപത്രി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.