എൽ.എൻ.ജി പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കാൻ ധാരണ

ന്യൂഡല്‍ഹി: കേരളത്തിലെ എൽ.എൻ.ജി പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും പെട്രോനെറ്റ് എം.ഡി പ്രഭാത് സിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്. പദ്ധതിയെക്കുറിച്ച് പെട്രോനെറ്റ് എം.ഡിയിൽ നിന്ന് മുഖ്യമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി.

രണ്ട് വര്‍ഷത്തിനകം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും പ്രഭാത് സിങ് മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ ചർച്ചകൾക്കായി പെട്രോനെറ്റ് എം.ഡി കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊച്ചിയിൽ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ടെര്‍മിനല്‍ സജ്ജമായെങ്കിലും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലെ സ്തംഭനം മൂലം വാതകം വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിണറായിയുമായി നടത്തിയ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നലെയാണ് പെട്രോനെറ്റ് എം.ഡി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ച നടത്തിയത്. ജൂലൈയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പെട്രോനെറ്റിന്‍റെ ലക്ഷ്യം.

3000 കോടിയുടെ പദ്ധതിയില്‍ കേരളത്തിലെ ഏഴ് ജില്ലകളിലൂടെ 505 കിലോ മീറ്റര്‍ നീളത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കേണ്ടത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയ്ല്‍) കേരള വ്യവസായ വികസന കോര്‍പറേഷനും (കെ.എസ്.ഐ.ഡി.സി) ആണ് ഇതിനുള്ള കരാറെടുത്തത്. കൊച്ചി വൈപ്പിനിൽ സ്ഥാപിച്ച എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരം, കായംകുളം, പാലക്കാട്  എന്നിവിടങ്ങളിലേക്കാണ് പൈപ്പ് സ്ഥാപിക്കുക.

1114 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നത് സമയ ബന്ധിതമായി തീര്‍ന്നില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കാനാണ് പെട്രോനെറ്റ്-എല്‍.എന്‍.ജിയുടെ തീരുമാനം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ കേരളത്തിലും തമിഴ്‌നാട്ടിലും കടുത്ത എതിര്‍പ്പാണ് ഗെയ്ൽ നേരിടുന്നത്. കൂടാതെ മംഗലാപുരം-കൊച്ചി പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നത് വഴി ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക 10ൽ നിന്ന് 30 ശതമാനമായി ഉയർത്തണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.