തിരുവനന്തപുരം: ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടറാകാന്‍ താത്പര്യമില്ലെന്ന് ഡി.ജി.പി ഋഷിരാജ് സിങ്. തന്നെ ബി.എസ്.എഫില്‍ നിയമിച്ചെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ല. ലഭിക്കുകയാണെങ്കില്‍ താന്‍ വിയോജിപ്പ് അറിയിക്കുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
കേരളത്തില്‍ നിന്നും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാന്‍ സന്നദ്ധതയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ സിങും ഉള്‍പ്പെട്ടിരുന്നു. സിങും ലോക്നാഥ് ബഹ്റയും കേന്ദ്രസര്‍വീസില്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സി.ബി.ഐ, നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി എന്നിവിടങ്ങളിലേക്ക് സന്നദ്ധതകാട്ടിയാണ് ഇരുവരും കത്തുനല്‍കിയത്. എന്നാല്‍, ബി.എസ്.എഫിലേക്കാണ് അവസരം ലഭിച്ചത്. ഇവിടേക്ക് പോകാന്‍ തയ്യാറല്ലെന്ന് സിങ് വ്യക്തമാക്കി. സി.ബി.ഐയില്‍ അഡീഷണല്‍ ഡയറക്ടറുടെ ഒരൊഴിവുണ്ട്. അവിടേക്ക് പരിഗണിച്ചാല്‍ മാത്രമേ താന്‍ കേന്ദ്രസര്‍വീസിലേക്ക് പൊകൂവെന്നാണ് സിങിന്‍റെ നിലപാട്.
അതേസമയം, സംസ്ഥാന പൊലീസ് സേനയില്‍ നടക്കുന്ന പൊളിച്ചുപണിയില്‍ സിങിനു മാറ്റമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ജയില്‍ മേധാവിയായ സിങിനെ ഫയര്‍ഫോഴ്സിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പി എ. ഹേമചന്ദ്രനെ ജയില്‍ മേധാവിയാക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റപ്പെട്ട ഡി.ജി.പി ടി.പി സെന്‍കുമാര്‍ കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുള്ള വിശ്വസ്തര്‍ വഴി സി.ബി.ഐയിലേക്ക് പോകാനാണ് അദ്ദേഹത്തിന്‍െറ നീക്കമെന്നറിയുന്നു. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ആന്‍റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടറായി നിയമിതനായ സെന്‍കുമാര്‍ മൂന്നുദിവസത്തേക്ക് അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പുതിയ ചുമതല ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സി.ബി.ഐ നിയമനം ലഭിക്കുകയാണെങ്കില്‍ അദ്ദേഹം കേന്ദ്രത്തിലേക്ക് പോയേക്കുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സെന്‍കുമാര്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.