കരാര്‍ ഒപ്പിടാത്ത മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ സ്വന്തംനിലക്ക് പ്രവേശംനടത്തുന്ന മൂന്ന് കോളജുകള്‍ക്കെതിരെ സര്‍ക്കാറും ജസ്റ്റിസ് ജയിംസ് കമ്മിറ്റിയും കുരുക്ക് മുറുക്കുന്നു. പാലക്കാട് കരുണ, കണ്ണൂര്‍, കോഴിക്കോട് മുക്കം കെ.എം.സി.ടി എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി തുടങ്ങിയത്. മൂന്ന് കോളജുകളിലെയും പ്രവേശനടപടികള്‍ ജയിംസ് കമ്മിറ്റി പരിശോധിച്ചുവരികയാണ്. 28ന് ശേഷം പ്രവേശം തുടങ്ങിയതിനാല്‍ കെ.എം.സി.ടിയിലെ 150 സീറ്റുകളിലേയും പ്രവേശനാധികാരം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വന്തംനിലക്ക് പ്രവേശംനടത്തിയ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ ജയിംസ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന്‍െറ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടത്തെിയാല്‍ പ്രവേശം റദ്ദാക്കും.

നേരത്തെ പരാതി ഉയര്‍ന്ന കോളജുകളുടെ പട്ടികയും പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ ഈ കോളജുകളിലെ സീറ്റുകള്‍ സര്‍ക്കാര്‍ അലോട്ട്മെന്‍റിന് ലഭ്യമാക്കാനായി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതിനിടെ, കെ.എം.സി.ടി കോളജ് അധികൃതര്‍ ശനിയാഴ്ച ആരോഗ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഇതില്‍ സീറ്റ് വിട്ടുനല്‍കണമെന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കും. പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏഴ് ദിവസം കൂടി സുപ്രീംകോടതി സമയം അനുവദിച്ചതിനാല്‍ സ്വാശ്രയ കോളജുകളില്‍ ശേഷിക്കുന്ന സീറ്റുകള്‍ കേന്ദ്രീകൃത അലോട്ട്മെന്‍റിനായി ലഭ്യമാക്കാനുള്ള ശ്രമവും തുടങ്ങി. ഇതിനായി കോളജുകളിലെ ഒഴിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  ജയിംസ് കമ്മിറ്റിക്കും പ്രവേശപരീക്ഷാ കമീഷണര്‍ക്കും നിര്‍ദേശംനല്‍കി. സീറ്റുണ്ടെങ്കില്‍ കേന്ദ്രീകൃത അലോട്ട്മെന്‍റിലൂടെ നികത്താന്‍ നടപടി സ്വീകരിക്കും.

എന്നാല്‍, സര്‍ക്കാറുമായി കരാര്‍ ഒപ്പുവെച്ച കോളജുകളില്‍ സീറ്റൊഴിവില്ളെന്നാണ് സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷന്‍ പറയുന്നത്. പുതുതായി അംഗീകാരം നേടിവരുന്ന കോളജുകളിലെ സീറ്റിന്‍െറ കാര്യത്തിലാണ് കേന്ദ്രീകൃത പ്രവേശം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു. പ്രവേശനടപടികള്‍ പൂര്‍ത്തിയായ കോളജുകളില്‍ ഒഴിവുള്ള സീറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമപരമായി ബാധ്യതയില്ല. മാത്രവുമല്ല, ഇവയില്‍ ഏറെക്കുറെ പ്രവേശം പൂര്‍ത്തിയാക്കി ജയിംസ് കമ്മിറ്റിക്ക് പട്ടിക സമര്‍പ്പിച്ചുകഴിഞ്ഞു. ഒഴിവുണ്ടായിരുന്ന സീറ്റുകളെല്ലാം 28ന് സ്പോട്ട് അലോട്ട്മെന്‍റ് നടത്തി നികത്തിയിട്ടുണ്ട്. ഒഴിവില്ലാത്തതിനാല്‍ അറിയിക്കുന്നില്ളെന്ന് പ്രവേശപരീക്ഷാ കമീഷണര്‍ക്ക് മറുപടി നല്‍കിയതായും കൃഷ്ണദാസ് പറഞ്ഞു.

സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ ഒഴിവുവന്ന മെറിറ്റ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. അഖിലേന്ത്യാ ക്വോട്ടയില്‍നിന്ന് തിരികെ ലഭിച്ച 11 ഉള്‍പ്പെടെ 15 മെഡിക്കല്‍ സീറ്റുകളിലേക്കും 26 ഡെന്‍റല്‍ സീറ്റുകളിലേക്കുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തിയത്. ഗോകുലം മെഡിക്കല്‍ കോളേജിലെ 50 എം.ബി.ബി.എസ് സീറ്റുകളിലേക്കും ശ്രീശങ്കര ഡെന്‍റല്‍ കോളജിലെ 25 സീറ്റുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.