കൊച്ചി: കുട്ടികളുടെ പ്രായനിര്‍ണയത്തിനുള്ള അടിസ്ഥാനരേഖ ജനന സര്‍ട്ടിഫിക്കറ്റും സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാത്രമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍. ഇവയുടെ അഭാവത്തില്‍ ശാസ്ത്രീയ പരിശോധനയാണ് പ്രായനിര്‍ണയത്തിന് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും തൊഴില്‍-നൈപുണ്യവകുപ്പ് സെക്രട്ടറിക്കും ലേബര്‍ കമീഷണര്‍ക്കും കമീഷന്‍ നിര്‍ദേശം നല്‍കി.18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തില്‍ പ്രായനിര്‍ണയത്തിന് മറ്റ് രേഖകളൊന്നും സ്വീകരിക്കരുത്.
കുട്ടികള്‍ക്കുപോലും പാന്‍ കാര്‍ഡ് കിട്ടുന്നതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് കമീഷന്‍ അധ്യക്ഷ ശോഭ കോശി, അംഗങ്ങളായ കെ. നസീര്‍, സി.യു. മീന എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്‍െറ ഉത്തരവ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, കാലടി തുടങ്ങിയ സ്ഥലങ്ങളില്‍ 20രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കി സ്വകാര്യ ഏജന്‍സികള്‍ മുഖേന 14 വയസ്സുപോലും തികയാത്ത കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതായി സ്റ്റേറ്റ് ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അറിയിച്ചിരുന്നു.
പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് ഹാജരാക്കുന്ന രേഖകളുടെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കൊച്ചിയിലെ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമീഷണര്‍ക്കും കമീഷന്‍ നിര്‍ദേശം നല്‍കി. കൃത്രിമം ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ വിവരം അറിയിക്കണം. കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് നിയമനടപടി സ്വീകരിക്കാന്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.