അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കല്‍ വഴിമുട്ടി


കോഴിക്കോട്: സംസ്ഥാനത്തെ അടച്ചുപൂട്ടിയ നാല് എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ സ്കൂള്‍ മാനേജര്‍മാരുമായി ധാരണയിലത്തൊന്‍ കഴിയാത്തതിനാലാണിത്. എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷമേ ഏറ്റെടുക്കല്‍ പ്രക്രിയ നിലവില്‍ വരുകയുള്ളൂവെന്നതിനാല്‍ സ്കൂളുകള്‍ സര്‍ക്കാറിന് സ്വന്തമാവാന്‍ ഏറെ കാത്തിരിക്കേണ്ടി വരും.

സ്കൂളുകള്‍ ഏറ്റെടുത്ത നടപടിക്കെതിരെ മാനേജര്‍മാര്‍ കോടതിയെ സമീപിച്ചതാണ് സ്ഥിതിഗതികള്‍ മാറാന്‍ ഇടയാക്കിയത്. കോടതി ഇടപെട്ടതോടെ മുന്‍ നിലപാടില്‍നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കഴിഞ്ഞ ജൂലൈ 27ഓടെ സ്കൂളുകള്‍ പൂര്‍ണമായും സര്‍ക്കാറില്‍ നിക്ഷിപ്തമാവുമെന്ന വിജ്ഞാപനമാണ് തിരുത്തേണ്ടി വന്നത്. നഷ്ടപരിഹാരത്തില്‍ ധാരണയാവുന്ന തീയതി മുതല്‍ സ്കൂളുകള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാവുമെന്നാണ് വിജ്ഞാപനത്തില്‍ വരുത്തിയ തിരുത്ത്. ഇതോടെ, സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.

കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി, തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി, മലപ്പുറം കൊണ്ടോട്ടി മാങ്ങാട്ടുമുറി എ.എം.എല്‍.പി, തൃശ്ശൂര്‍ കിരാലൂര്‍ പി.എം.എല്‍.പി എന്നീ സ്കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കിയിരുന്നത്. സര്‍ക്കാറിന്‍െറ നൂറുദിനത്തിലെ പ്രധാനനേട്ടമായാണ് സ്കൂള്‍ ഏറ്റെടുക്കലിനെ വിശേഷിപ്പിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണമായി കൊട്ടിഘോഷിച്ചെങ്കിലും തിരക്കിട്ട നടപടികളാണ് സര്‍ക്കാറിന് തിരിച്ചടിയായത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിനുള്ള മിനിമം നിഷ്കര്‍ഷ പോലും പാലിക്കാത്തതിനാലാണ് വിജ്ഞാപനം തിരുത്തേണ്ടി വന്നത്.

നാല് സ്കൂളുകളിലായി ഏകദേശം 2.65 ഏക്കര്‍ ഭൂമിയും കെട്ടിടവുമാണ് സര്‍ക്കാറിന് ഏറ്റെടുക്കാനുള്ളത്. മാനേജര്‍മാരുമായി നഷ്ടപരിഹാരം ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അതത് ജില്ലാ കലക്ടര്‍മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, കാര്യമായ ചര്‍ച്ചപോലും കലക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ളെന്ന് മാനേജര്‍മാര്‍ പറഞ്ഞു.
മലാപ്പറമ്പ് സ്കൂള്‍ മാനേജറെ കലക്ടര്‍ വിളിപ്പിച്ച് ആറുകോടി വില നിശ്ചയിച്ചെങ്കിലും ഭൂമി ഇപ്പോള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് പറഞ്ഞ് മാനേജര്‍ മടങ്ങുകയാണുണ്ടായത്. സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജര്‍മാര്‍ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. മാര്‍ക്കറ്റ് വില നല്‍കിയാല്‍ ഭൂമി കൈമാറാമെന്നാണ് മാനേജര്‍മാരുടെ നിലപാടെങ്കിലും അതിന് സര്‍ക്കാര്‍ തുനിയുമോയെന്നതാണ് അറിയേണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.