ജന്മനാ വൈകല്യമുള്ള കുട്ടികളുടെ രജിസ്റ്റര്‍ തയാറാക്കും –മന്ത്രി കെ.കെ. ശൈലജ

കൊച്ചി: വൈകല്യവുമായി ജനിക്കുന്ന കുട്ടികളുടെ രജിസ്റ്റര്‍ തയാറാക്കി ഇതിന്‍െറ അടിസ്ഥാനമാക്കി ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നവജാത ശിശുക്കളിലെ ബധിരത നേരത്തെ കണ്ടത്തൊന്‍ താലൂക്ക് ആശുപത്രികളില്‍ ശ്രവണ പരിശോധനാ സൗകര്യം ഉറപ്പാക്കും.

കോക്ളിയര്‍ ഇംപ്ളാന്‍റ് ഗ്രൂപ് ഓഫ് ഇന്ത്യയുടെ (സിജികോണ്‍-2016) 14ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജന്മനാലുള്ള വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് ചികിത്സ ലഭ്യമാക്കും. കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ കാര്യത്തില്‍ സമഗ്ര സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ശ്രവണ വൈകല്യം പരിഹരിക്കുന്നതിന് നവജാത ശിശുക്കളുടെ പ്രത്യേക പരിശോധനക്ക് ജില്ലാതലത്തില്‍ ഇന്‍റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളടക്കം തെരഞ്ഞെടുത്ത 11 ആശുപത്രികള്‍ വഴിയാണ് കുട്ടികളിലെ ശ്രവണ വൈകല്യം കണ്ടത്തെി ചികിത്സ ലഭ്യമാക്കുക. കോക്ളിയര്‍ ഇംപ്ളാന്‍റ് ശസ്ത്രക്രിയ വിദഗ്ധരുടെ സേവനം കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കേള്‍വി ശക്തി ലഭ്യമാക്കുന്നതിന് സഹായകമായെന്നും മന്ത്രി പറഞ്ഞു.

സമ്മേളനം ഞായറാഴ്ച സമാപിക്കും. സുവനീര്‍ വേദിയില്‍ മന്ത്രി പ്രകാശനം ചെയ്തു. കോക്ളിയര്‍ ഇംപ്ളാന്‍റ് ഗ്രൂപ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഡോ. ശങ്കര്‍ മെഡിക്കേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അമീത് കിഷോര്‍, ട്രഷറര്‍ അപൂര്‍വ കുമാര്‍, സിജികോണ്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, സംഘാടക സമിതി സെക്രട്ടറി ഡോ. മുഹമ്മദ് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.