ഇരിങ്ങാലക്കുട: കുറിക്കമ്പനിക്കകത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മാനേജര്‍ ജീവനൊടുക്കി. മൂന്നുമുറി -കോടാലി സ്വദേശി ചെങ്ങിനിയാടന്‍ വീട്ടില്‍ ജോസഫാണ്(62) ശനിയാഴ്ച പുലര്‍ച്ചെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഇരിങ്ങാലക്കുട പ്രഭാത് തിയറ്ററിന് പിറകിലെ ന്യൂവയ കുറി കമ്പനി ഓഫിസിനടുത്തുവെച്ചാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത്.
സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ ജോസഫ് വിരമിച്ച ശേഷമാണ് കുറക്കമ്പനി മാനേജരായത്. കുറിക്കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ ഉടനായിരുന്നു സംഭവം.
കൈയില്‍ കന്നാസില്‍ കരുതിയ പെട്രോള്‍ ഒഴിച്ചാണ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറി കമ്പനി ഡയറക്ടര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ജോസഫിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യ ശ്രമത്തിനുള്ള കാരണത്തെ കുറിച്ച് മജിസ്ട്രേറ്റിന് മരണമൊഴി നല്‍കി. കുറി കമ്പനി മുന്‍ എം.ഡി അടക്കം അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്. ജോസഫിനെ ചതിയില്‍പെടുത്തി കമ്പനിയിലെ ചിലര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തത്തെുടര്‍ന്ന് ഒരുമാസമായി മാനേജര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുന്‍ എം.ഡി അടക്കം ചിലരെ കുറിക്കമ്പനിയുടെ ചുമതലയില്‍നിന്ന് പൊതുയോഗം നീക്കിയിരുന്നു. പഴയ എം.ഡിയെ ഡയറക്ടറാക്കി ഇദ്ദേഹം അടങ്ങുന്ന ബോര്‍ഡ് യോഗം കഴിഞ്ഞ ഉടനാണ് ജോസഫ് തീകൊളുത്തിയത്.
ആത്മഹത്യാ ശ്രമത്തിന് അരമണിക്കൂര്‍ മുമ്പ് ജോസഫ് ചായ കുടിച്ച് സുഹൃത്തുക്കളുമായി സന്തോഷത്തോടെ പിരിഞ്ഞതായിരുന്നു. കുറി ക്കമ്പനി തന്നെ ചതിച്ചതിനെ കുറിച്ച് ചില എഴുത്തുകുത്തുകള്‍ നടന്നതായും സൂചനയുണ്ട്. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.