കൊലപാതകം: മുഖ്യമന്ത്രി മറുപടി പറയണം –ആര്‍.എസ്.എസ്

കോഴിക്കോട്: സി.പി.എമ്മിന്‍െറ കൊലപാതക രാഷ്ട്രീയം എല്ലാ അതിരുകളും കടന്നിരിക്കുകയാണെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. പിണറായിയില്‍ രമിത്ത് എന്ന 19 വയസ്സുകാരനെ കൊലക്കത്തിക്കിരയാക്കിയിരിക്കുകയാണ്. രമിത്തിന്‍െറ പിതാവ് ഉത്തമനെ നേരത്തെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഒരു കുടുംബത്തെതന്നെ ഇല്ലാതാക്കുകയാണ് സി.പി.എം ചെയ്തത്. മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്തുതന്നെയാണ് ഇപ്പോള്‍ കൊലപാതകം നടന്നിരിക്കുന്നത്.

 അധികാരശക്തി ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സി.പി.എം ശ്രമത്തെ വകവെച്ചുകൊടുക്കാന്‍ തയാറല്ളെന്ന് നേതൃത്വം മനസ്സിലാക്കണം. സി.പി.എം നേതാക്കളുടെ കുടുംബക്കാര്‍ക്ക് അധികാരം വീതംവെച്ചു നല്‍കുകയും മറ്റു സംഘടനകളിലുള്ളവരെ കുടുംബത്തോടെ ഇല്ലാതാക്കുകയും ചെയ്യുകയാണ്. 

തങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ കടുത്ത ഗ്രൂപ് വൈരം മറച്ചുവെക്കാനും നേതൃത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പ് ഇല്ലാതാക്കാനുമാണ് സി.പി.എം കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കൊലപാതക രാഷ്ട്രീയത്തെ പരസ്യമായി പിന്തുണക്കുന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് കേരളത്തെ ഈ നിലയിലത്തെിച്ചിരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതുസമൂഹം പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായിയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി –എം.ടി. രമേശ്
സുല്‍ത്താന്‍ ബത്തേരി: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഇ.പി. ജയരാജനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കണ്ണൂരില്‍ കലാപമുണ്ടാക്കി സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മറച്ചുവെക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കണ്ണൂരില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. സ്വന്തം സ്ഥലത്ത് സമാധാനമുണ്ടാക്കാന്‍ ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി അതിന് ശ്രമിച്ചില്ല എന്നു മാത്രമല്ല അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.  കണ്ണൂരില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുന്നുണ്ട്. എന്നാല്‍, കൊലപാതകങ്ങള്‍ മാത്രമാണ് വാര്‍ത്തയാകുന്നത്. ജയരാജനെ സംരക്ഷിക്കാനും സി.പി.എമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനുമുള്ള വഴിയായാണ് കലാപമുണ്ടാക്കുന്നത്. നിരപരാധികളുടെ ചോര വീഴ്ത്തി സി.പി.എമ്മിന് പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.