പൊലീസ് ആസ്ഥാനത്ത് ‘ടാഗ് വിവാദം’; പ്രതിഷേധവുമായി ജീവനക്കാര്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പരിഷ്കാരങ്ങള്‍ക്കെതിരെ ജീവനക്കാര്‍. തസ്തിക അടിസ്ഥാനത്തില്‍ പ്രത്യേകനിറങ്ങളിലുള്ള തിരിച്ചറിയല്‍ കാര്‍ഡും ടാഗും നല്‍കാനുള്ള നീക്കത്തിലാണ് പ്രതിഷേധമുയരുന്നത്.
ഐ.പി.എസ് ഉന്നതര്‍ക്ക് സാമ്പത്തികനേട്ടത്തിനു വേണ്ടി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുമെന്ന ആക്ഷേപവുമായി ഒരുവിഭാഗം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതിനല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബെഹ്റ പൊലീസ് മേധാവിയായതിന് പിന്നാലെ നടപ്പാക്കിയ തിരിച്ചറിയല്‍ കാര്‍ഡ് പരിഷ്കാരം ആദ്യംമുതല്‍ തന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിലവില്‍ പൊലീസ് ആസ്ഥാനത്തെ എക്സിക്യൂട്ടിവ്, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ട്.
ഇതിനുപുറമെയാണ്  പുതിയ തിരിച്ചറിയല്‍ കാര്‍ഡും ഏര്‍പ്പെടുത്തുന്നത്. ഇതിനായി നല്‍കേണ്ട പെര്‍ഫോമയില്‍ ജീവനക്കാരുടെ ജാതി ചോദിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തസ്തിക തിരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാന്‍ തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുംനീല നിറത്തിലുള്ള  ടാഗാണ്. മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് ഇളംനീല, ഹെഡ് ക്ളര്‍ക്ക് വരെയുള്ളവര്‍ക്ക് പച്ച, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ടാഗാണ് നല്‍കിയത്.
നിലവില്‍ എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നിരിക്കെ പുതിയ പരിഷ്കാരങ്ങള്‍ ഐ.പി.എസ് ഉന്നതര്‍ക്ക് കമീഷന് വേണ്ടിയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്‍റ് ചെയ്യാന്‍ സ്വന്തമായി മെഷീന്‍ വാങ്ങിയത് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം വാങ്ങിയ മെഷീന്‍ കേടായതിനെ തുടര്‍ന്ന് പുതിയ മെഷീന്‍ എത്തിക്കുകയായിരുന്നത്രെ. വര്‍ഷങ്ങളായി പൊലീസ് ആസ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞ ഐ.ടി ഉപകരണങ്ങള്‍ വിതരണംചെയ്യുന്ന ഡീലറുടെ കൈയില്‍നിന്നാണ് പ്രിന്‍റിങ് മെഷീന്‍ വാങ്ങിയത്. ഇതിനുപിന്നില്‍ ചിലര്‍ക്ക് താല്‍പര്യങ്ങളുണ്ടെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.