ചക്കിട്ടപാറ ഖനനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് നിവേദനം

ന്യൂഡല്‍ഹി: കോഴിക്കോട് ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേക്ക് നിവേദനം നല്‍കി. പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതി പ്രദേശമായ ചക്കിട്ടപാറയില്‍ ഖനനം നടത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഈ മേഖലയുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഗാഡ്ഗില്‍ സമിതി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഖനനാനുമതി ശ്രമങ്ങള്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെപോയത്. സസ്യ ജൈവ വൈവിധ്യം ഏറെ ശ്രദ്ധേയം. പെരുവണ്ണാമൂഴി, കക്കയം, ബാണാസുര സാഗര്‍ ഡാമുകള്‍ നിര്‍ദിഷ്ട ഖനന മേഖലക്കടുത്താണ്.
കോഴിക്കോട് കോര്‍പറേഷനും ജില്ലയിലെ 10 പഞ്ചായത്തുകളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരുവണ്ണാമൂഴി റിസര്‍വോയര്‍ പദ്ധതി പ്രദേശത്തുനിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ്. വന്യജീവി സങ്കേതവും ദേശാടനപ്പക്ഷി സങ്കേതമായ പിയ്യാനിക്കോട്ടയും ഇവിടെയാണ്. 1940ല്‍ ബ്രിട്ടീഷുകാര്‍ ഖനനസാധ്യത പഠിച്ച് പരിസ്ഥിതി പ്രശ്നം മുന്‍നിര്‍ത്തി പിന്‍വാങ്ങുകയാണ് ചെയ്തത്. പരിസ്ഥിതി ലോലമായ മേഖലയിലെ കടന്നുകയറ്റം ഭാവിതലമുറയോടുള്ള ദ്രോഹമാണെന്ന് മുല്ലപ്പള്ളി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.