നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇരിങ്ങണ്ണൂര്‍ സ്വദേശി നെല്ലികുളത്തില്‍ ജിതിന്‍ (26), തൂണേരി വെള്ളൂര്‍ സ്വദേശി പൈക്കിലോട്ട് ഷാജി (28) എന്നിവരെയാണ് കുറ്റ്യാടി സി.ഐ ടി. സജീവന്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വെള്ളൂര്‍ സ്വദേശി കരുവന്‍റവിട രമീഷും ഇപ്പോള്‍ അറസ്റ്റിലായ ജിതിനും അസ്ലമിനെ കാറില്‍ പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയെന്നും ഷാജി ഇവര്‍ക്ക് പിന്നാലെ ബൈക്കിലും അസ്ലമിനെ പിന്തുടര്‍ന്നതായി പൊലീസ് പറഞ്ഞു. കക്കംവെള്ളി പെട്രോള്‍ പമ്പ് വഴി അസ്ലം യാത്ര ചെയ്ത ബൈക്കിനൊപ്പം ഇവരുമുണ്ടായിരുന്നു. കൊലപാതകം ഇവര്‍ നേരില്‍ കണ്ടതായും അക്രമികള്‍ സ്ഥലത്തുനിന്ന് പോയതോടെയാണ് ഇവര്‍ സംഭവസ്ഥലത്തുനിന്ന് പോയതെന്നും പൊലീസ് വ്യക്തമാക്കി. അസ്ലമിനെ പിന്തുടരാന്‍ പ്രതികളുപയോഗിച്ച കെ.എല്‍ 18 എഫ്-2319 വാഗണര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളൂര്‍ കോട്ടേമ്പ്രത്തുനിന്നാണ് അന്വേഷണസംഘം കാര്‍ പിടികൂടിയത്. കൊലപാതകികള്‍ക്കൊപ്പം ഇന്നോവ കാറില്‍ സഞ്ചരിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. യുവാവിന്‍െറ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികള്‍ക്ക് വഴി മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇയാളെ കാറില്‍ കയറ്റിയതെന്നാണ് സൂചന. അസ്ലം വധത്തില്‍ ഇതോടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഇന്നോവ കാര്‍ എത്തിച്ച് നല്‍കിയ വളയം നിരവുമ്മലിലെ കക്കുഴിയുള്ള പറമ്പത്ത് നിധിന്‍ (26), കാസര്‍കോട് ബംഗള സ്വദേശി അനില്‍, വെള്ളൂര്‍ സ്വദേശി രമീഷ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സി.പി.എം ബംഗള ബ്രാഞ്ച് സെക്രട്ടറി അനിലിന് ജാമ്യം ലഭിച്ചു. ശനിയാഴ്ച അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരെ മുഖം മറച്ചാണ് പൊലീസ് കോടതിയിലേക്ക് കൊണ്ടുപോയത്. നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.