ലൈഫ്, ഹരിത കേരളം പദ്ധതികള്‍ക്ക് പൊതു-സ്വകാര്യ പങ്കാളിത്തം

ന്യൂഡല്‍ഹി: പിണറായിയുടെ  സങ്കല്‍പം അനുസരിച്ച് ലൈഫ് ഫ്ളാറ്റ് സമുച്ചയം കേവലം  ഭവനപദ്ധതി മാത്രമല്ല. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിനൊപ്പം അവര്‍ക്ക് ജീവനോപാധി  ഉറപ്പാക്കാനും സാമ്പത്തിക ശാക്തീകരണം നടപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.  വ്യക്തിപരമായ ശുചിത്വം പാലിക്കുമ്പോഴും പരിസര ശുചിത്വം മറന്നുപോകുന്ന മലയാളിയെ അതിനായി കൈകോര്‍ത്ത് രംഗത്തിറക്കാനുള്ള പദ്ധതിയാണ് മാലിന്യമുക്ത ഹരിത കേരളം.  രണ്ടു പദ്ധതികളിലും  കേന്ദ്ര സര്‍ക്കാറിന്‍െറ ഫണ്ടുകള്‍ക്ക് പുറമെ  പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കും.

  ലൈഫ് ഫ്ളാറ്റ്  സമുച്ചയങ്ങളില്‍ പ്രായമായവരെയും കുട്ടികളെയും പരിചരിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടത്തെ താമസക്കാരില്‍  തൊഴില്‍രഹിതര്‍ക്ക് യോഗ്യതക്കനുസരിച്ച് വിവിധ മേഖലകളില്‍  പരിശീലനം നല്‍കി ഒരുവീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കമ്പ്യൂട്ടര്‍ സഹിതമുള്ള പൊതു പഠനമുറിയും വായനശാലാ സൗകര്യവും സമുച്ചയത്തിന്‍െറ ഭാഗമായി ഉണ്ടാകും. സ്ത്രീകള്‍ കുടുംബനാഥ ആയിട്ടുള്ളവര്‍, 15 വയസ്സില്‍താഴെയുള്ള പെണ്‍കുട്ടികളോ വൃദ്ധരോ നിത്യരോഗികളോ ഉള്ള കുടുംബങ്ങള്‍, ഗാര്‍ഹിക പീഡനത്തിന്‍െറ ഇരകള്‍, കലാപത്തിലോ പ്രകൃതി ദുരന്തത്തിലോ വീട് നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ലൈവ്ലിഹുഡ്,  ഇന്‍ക്ളൂഷന്‍, ഫിനാന്‍ഷ്യല്‍ എംപവര്‍മെന്‍റ് എന്നിവയിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ് പദ്ധതിക്ക് ലൈഫ് എന്ന് പേരിട്ടത്. ഇത് പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഇടതു സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച മറ്റ് പദ്ധതികള്‍ ഇവയാണ്: പാലക്കാട്-കൊച്ചി വ്യവസായിക ഇടനാഴി സ്ഥാപിക്കും, ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും, കൊച്ചി-മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ 2018 നവംബറില്‍ യാഥാര്‍ഥ്യമാകും, കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കാനുള്ള പദ്ധതി മൂന്നുമാസത്തിനകം നടപ്പാക്കും, കൊച്ചി ജല മെട്രോ പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും, 2017 മാര്‍ച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും, സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ എയിംസ് മാതൃകയില്‍ രോഗികളുടെ ക്യൂ ഒഴിവാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും, മെഡിക്കല്‍ കോളജ് മുതല്‍ താലൂക്ക് ആശുപത്രിവരെ ഘട്ടം  ഘട്ടമായി സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍ ഒരുക്കും, ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഇനി ഉണ്ടാക്കാന്‍ പോകുന്ന കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണി  ഉറപ്പാക്കും, കേരളപ്പിറവിയുടെ 60ാം വാര്‍ഷികമായ നവംബര്‍ ഒന്നിനകം എല്ലാ വീടുകളിലും ശുചിമുറി, വില്ളേജ്, റവന്യൂ ഓഫീസുകളില്‍നിന്ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും, ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ വിലക്ക് സിമന്‍റും കമ്പിയും, കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പുനരുദ്ധാരണ പാക്കേജ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.