സാമുദായിക ധ്രുവീകരണത്തിന് സി.പി.എം ശ്രമമെന്ന് വി.ഡി സതീശൻ

കോഴിക്കോട്: കേരളത്തില്‍ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയലാഭം കൊയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശൻ എം.എൽ.എ‍. സി.പി.എം ബുദ്ധിശാലകളില്‍ രൂപം കൊണ്ടതാണ് ഈ ആശയമെന്ന് ജനങ്ങള്‍ തിരിച്ചറിയും. പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങള്‍, ദേവസ്വം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെയും സി.പി.എം സെക്രട്ടറിയുടെയും പ്രതികരണങ്ങള്‍ സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കും. ഇത്തരം വിഷയങ്ങളില്‍ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ സംഘപരിവാറിന് ഗുണം ചെയ്യും. ഹിന്ദുക്കള്‍ അപകടത്തിലാണെന്ന അവരുടെ വാദത്തിന് കുട പിടിക്കുന്ന ഇത്തരം നടപടികള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സതീശൻ ആവശ്യപ്പെടുന്നു.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങൾ, ദേവസ്വം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും മറ്റു സി.പി.എം നേതാക്കളുടെയും പ്രതികരണങ്ങൾ സംസ്ഥാനത്തു സാമുദായിക ധ്രുവീകരണം ഉണ്ടാകുന്നതിനു സഹായകരമാവും. ഇത്തരം വിഷയങ്ങളിൽ അനവസരത്തിലുള്ള പ്രതികരണങ്ങൾ സംഘപരിവാറിന് ഗുണകരമാവും. ഹിന്ദുക്കൾ അപകടത്തിലാണെന്ന അവരുടെ വ്യാജമായ പ്രചരണങ്ങൾക്ക് കുടപിടിച്ചു കൊടുക്കുന്ന ഇത്തരം നടപടികൾ സി.പി.എം അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ പൊള്ളത്തരങ്ങൾ അവർ തിരിച്ചറിയും. ഇതിന്‍റെ പ്രയോജനം അന്തിമമായി ലഭിക്കുന്നത് സംഘപരിവാറിനാണ്. മതേതര നിലപാട് സത്യസന്ധമാകണം. അത് കാപട്യങ്ങൾ നിറഞ്ഞതാകരുത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും ആയുധ പരിശീലനവും നടത്തുന്ന ആർ.എസ്.എസിനു മറുപടി കൊടുക്കുന്നത് ബദൽ ഘോഷയാത്രയും ആയുധ പരിശീലനവും നടത്തിയാണോ? കേരളത്തിന്‍റെ മനസ്സ് മതേതരമാണ്. അതിനെ മലിനമാക്കാൻ ആരു ശ്രമിച്ചാലും ശക്തിയായി പ്രതിരോധിക്കണം. കേരളത്തിൽ ഒരു സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയലാഭം കൊയ്യാൻ സി.പി.എം ബുദ്ധിശാലകളിൽ രൂപം കൊണ്ട ഈ ആശയത്തിന്‍റെ പുറകിലുള്ള കൗശലം ജനാധിപത്യവാദികളും കേരളത്തിലെ വിവിധ ജനവിഭാഗങ്ങളും തിരിച്ചറിയുക തന്നെ ചെയ്യും.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.