ബി.ജെ.പി മുന്നേറ്റം തടയാനായി സി.പി.എം അക്രമം അഴിച്ചുവിടുന്നു -കെ. സുരേന്ദ്രൻ

കോഴിക്കോട്: യു.ഡി.എഫിനെ അഴിമതിക്കേസിൽ പിടിച്ചു കെട്ടാമെന്നു ബോധ്യപ്പെട്ട സി.പി.എം, ബിജെപിയെ തളയ്ക്കാനുള്ള ആയുധമായി അക്രമത്തെ കൂട്ടുപിടിക്കുകയാണെന്ന് ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പുതിയ കേന്ദ്രങ്ങളിൽ ബി.ജെ.പി സ്വാധീനം ഉറപ്പിക്കുന്നതു തടയാനാണ് വ്യാപക അക്രമം അഴിച്ചുവിടുന്നത്. ബി.ജെ.പിയുടെ വളർച്ച തടയുന്നതിന്റെ ഭാഗമാണ് ആർ.എസ്.എസിനെതിരായ നീക്കവും. ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നത് നിയമപരമായാണ്, അല്ലാതെ സർക്കാറിന്റെ ഔദാര്യത്തിലല്ല. ശാഖകൾ പ്രവർത്തിക്കുന്നതിനെതിരെ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതിയെങ്കിലും ഹാജരാക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിലും സഹായിച്ച ദേശദ്രോഹ ശക്തികളെ പ്രീണിപ്പിക്കാനാണ് സർക്കാർ ആർ.എസ്.എസിനെതിരായ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയാറായില്ലെങ്കിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ബി.ജെ.പി തെരുവിലിറങ്ങും. ആ ജനമുന്നേറ്റത്തെ തടയാൻ സി.പിഎ.മ്മിന് കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കെ.എം മാണിക്കു വേണ്ടി പിണറായി വിജയന്റെ വലംകൈ എം.കെ ദാമോദരൻ ഹാജരാകുന്നത് യാദൃശ്ചികതയായി കാണാൻ കഴിയില്ല. ഒരു വശത്ത് കേസും മറുവശത്തു സഹായിക്കുന്ന നിലപാടുമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.