കള്ളക്കേസുകളില്‍ കുടുക്കി പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതേണ്ട -കെ.എം. മാണി

കോട്ടയം: കള്ളക്കേസുകളില്‍  കുടുക്കി കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ.എം. മാണി. കേരള കോണ്‍ഗ്രസ് എം ജില്ലാ കണ്‍വെന്‍ഷന്‍ മാമ്മന്‍മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന$പൂര്‍വമായ ഉദ്ദേശ്യത്തോടെ രാഷ്ട്രീയമായി തന്നെ തേജോവധം ചെയ്യുന്നതിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു. നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കിയ കൈാര്യങ്ങളാണ് തനിക്കെതിരെ അഴിമതിയായി കൊണ്ടുവന്നിരിക്കുന്നത്. ബജറ്റിലൂടെയുള്ള നിര്‍ദേശം ചര്‍ച്ച ചെയ്ത് നിയമസഭ പാസാക്കിയ നടപടിയില്‍ സര്‍ക്കാറിന് നഷ്ടം വരുത്തി എന്നു പറയുന്നത് ആളെ ചീത്തയാക്കാനാണ്.  സമൂഹവിവാഹത്തില്‍വരെ അഴിമതി ആരോപിക്കുന്നത് ഇത് തെളിയിക്കുന്നു. ജില്ലാ കമ്മിറ്റികള്‍ പിരിച്ചെടുത്ത തുകകൊണ്ടാണ് സാധുക്കളുടെ വിവാഹം നടത്തിയത്. സംശുദ്ധമായി കാര്യം ചെയ്യുമ്പോള്‍ അഴിമതി ആരോപിക്കുന്നു. ഇങ്ങനെ പോയാല്‍ ഏതെങ്കിലും സംഘടനക്ക് സമൂഹവിവാഹം നടത്താന്‍ സാധിക്കുമോ.  

ഐക്യമുന്നണിയില്‍ ഐക്യത്തിനു പകരം കുതികാല്‍വെട്ട് മാത്രമായപ്പോഴാണ് മൂന്നര പതിറ്റാണ്ട് നേതൃപരമായ പങ്കുവഹിച്ച മുന്നണി വിടേണ്ടി വന്നത്. ഒളിയമ്പുകള്‍ ചെയ്തു മറ്റു കുത്സിതമാര്‍ഗങ്ങള്‍ അവലംബിച്ചും പാര്‍ട്ടിയെ തകര്‍ക്കാമെന്നു ആരും വ്യാമോഹിക്കേണ്ടതില്ലന്നും മാണി പറഞ്ഞു.  മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നു വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. ഒന്നാമനായി നില്‍ക്കുന്ന നേതാവിനെതിരെ ആരോപണം ഉന്നയിച്ചാല്‍ പാര്‍ട്ടി തകരും എന്ന കണക്കുകൂട്ടലിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എ പറഞ്ഞു. ഇപ്പോള്‍ അഴിമതി അന്വേഷണത്തിന്‍െറ തിരക്കഥ പഴയതു തന്നയാണെന്നും അഭിനയിക്കുന്നവര്‍ പുതിയതാണെന്നു മാത്രമേയുള്ളൂവെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.  

കേരള കോണ്‍ഗ്രസ് എം ജില്ലാ കണ്‍വെന്‍ഷന്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.