തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ വിജിലന്‍സ് കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭ്യന്തരവകുപ്പിന് ശിപാര്‍ശചെയ്തു. മാണിക്കുവേണ്ടി ഹൈകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ ഹാജരായ സാഹചര്യത്തിലാണിത്.
കോഴി നികുതിക്കേസില്‍ മാണിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവും മുതിര്‍ന്ന അഭിഭാഷകനുമായ എം.കെ. ദാമോദരന്‍ ഹൈകോടതിയില്‍ ഹാജരായിരുന്നു. ദാമോദരനോടൊപ്പം മുട്ടാന്‍ കഴിയുന്ന അഭിഭാഷകരെയാണ് വിജിലന്‍സിന് വേണ്ടത്. കേസ് തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.
നിലവില്‍ അഴിമതിക്കേസുകളില്‍ ഹാജരാകുന്നത് വിജിലന്‍സിന്‍െറ നിയമോപദേശകരാണ്. എന്നാല്‍, പാമോലിന്‍, ബ്രഹ്മപുരം ഉള്‍പ്പെടെ അഴിമതിക്കേസുകളില്‍ നേരത്തെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിരുന്നു.
മാണിക്കെതിരെ നിലവില്‍ മൂന്ന് വിജിലന്‍സ് കേസുകളും ഒരു ത്വരിത പരിശോധനയുമാണ് നടക്കുന്നത്. കെ. ബാബുവിനെതിരെ ബാര്‍ കോഴ, അനധികൃത സ്വത്ത് സമ്പാദനം എന്നിവയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ബാര്‍ കോഴക്കേസിലെ രണ്ടാം തുടരന്വേഷണത്തിന് പുറമെ കോഴി നികുതി, ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കല്‍ എന്നീ കേസുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
ബാറ്ററി നിര്‍മാണശാലക്ക് നികുതിയിളവ് നല്‍കിയതിലും വിജിലന്‍സ് അടുത്തിടെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സമൂഹവിവാഹം നടത്തിയത് അഴിമതിപ്പണം ഉപയോഗിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ് പ്രകാരം ത്വരിതപരിശോധന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.