കേന്ദ്രകമ്മിറ്റിക്ക് ഇക്കുറി പിണറായി ഇല്ല; വി.എസ് വിഷയവുമല്ല

ന്യൂഡല്‍ഹി: അഭിപ്രായഭിന്നതകള്‍ ഒഴിവാക്കി കേന്ദ്രനേതൃത്വത്തിന്‍െറയും പാര്‍ട്ടി സെന്‍ററിന്‍െറയും പ്രവര്‍ത്തനം സുഗമമാക്കാന്‍ കൊല്‍ക്കത്ത പ്ളീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി ചര്‍ച്ചയാരംഭിച്ചു. മൂന്നു ദിവസത്തെ സമ്മേളനം തിങ്കളാഴ്ച സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സ്വയം വിലയിരുത്തല്‍, ജനകീയ പ്രതിഷേധങ്ങളിലെ പങ്കാളിത്തം, പാര്‍ട്ടി സെന്‍ററിലെ നേതാക്കളുടെ ഡല്‍ഹി സാന്നിധ്യം എന്നിവ നടപ്പാക്കേണ്ട തീരുമാനങ്ങളാണ്. ബി.ജെ.പിയോടുള്ള സമീപനം, കോണ്‍ഗ്രസ് സഹകരണം തുടങ്ങി കാരാട്ട്-യെച്ചൂരി തലത്തില്‍വരെയുള്ള അഭിപ്രായഭിന്നതയും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയാകും. ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയല്ളെന്ന പ്രകാശ് കാരാട്ടിന്‍െറ വാദം സൃഷ്ടിച്ച ആശയക്കുഴപ്പം ആദ്യദിവസം തന്നെ വിമര്‍ശവിധേയമായി.

കൊല്‍ക്കത്ത പ്ളീന തീരുമാനങ്ങള്‍ നടപ്പാക്കാനായില്ളെന്ന് നേരത്തേ നടന്ന പി.ബി, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് തീരുമാനം നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പി.ബിയെ ചുമതലപ്പെടുത്തി. മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാവും. വി.എസ്. അച്യുതാനന്ദനെതിരായ അന്വേഷണം നടത്തുന്ന പി.ബി കമീഷന്‍െറ നടപടി വേഗത്തിലാക്കുന്നതടക്കം കേരള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചക്ക് വരാന്‍ ഇടയില്ല. വി.എസിന്‍െറ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശം വീണ്ടും അനിശ്ചിതത്വത്തിലാക്കുന്ന സാഹചര്യമാണ് അത്. പി.ബി കമീഷന്‍െറ നടപടി പൂര്‍ത്തിയാകാതെ വി.എസിനെ തിരിച്ചെടുക്കില്ല. ഇക്കാര്യം വി.എസിനെ അറിയിച്ചിട്ടുണ്ട്.

യു.പി, പഞ്ചാബ് അടക്കം അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പു നിലപാടുകളും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയാവും. സിംഗൂരില്‍ ടാറ്റക്കുവേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാനുള്ള സുപ്രീംകോടതി നിര്‍ദേശം വഴിയുള്ള പാര്‍ട്ടി സാഹചര്യങ്ങളും ചര്‍ച്ചയാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.