കുറ്റ്യാടിയില്‍ മലവെള്ളപ്പാച്ചില്‍: ആറു പേരെ കാണാതായി, ഒരാളുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടി/പേരാമ്പ്ര: പശുക്കടവ് കടന്ത്രപ്പുഴയിലെ ചെക്ഡാമില്‍ കുളിക്കവെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കിട്ടി. മരുതോങ്കര കോതോട് സ്വദേശികളായ പാറക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രജീഷ് (24)ന്‍െറ മൃതദേഹമാണ് രാത്രി പത്തരയോടെ കണ്ടത്തെിയത്. പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവം.

മരുതോങ്കര കോതോട് സ്വദേശികളായ കറ്റോടി ചന്ദ്രന്‍െറ മകന്‍ അശ്വന്ത് (19), പാറയുള്ള പറമ്പത്ത് രാജീവന്‍െറ മകന്‍ അക്ഷയ്രാജ് (19), കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ സജിന്‍ (19), കുട്ടിക്കുന്നുമ്മല്‍ ദേവരാജന്‍െറ മകന്‍ വിപിന്‍രാജ് (21), പാറയുള്ള പറമ്പത്ത് രാജന്‍െറ മകന്‍ വിഷ്ണു (20) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കോതോട് വിനോദിന്‍െറ മകന്‍ വിനീഷ് (21), ബാലന്‍െറ മകന്‍ അമല്‍ (20), രാജന്‍െറ മകന്‍ വിഷ്ണു (21) എന്നിവരാണ് കുളിക്കാനിറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടത്. സംഭവം കണ്ട് ഭയന്ന മൂന്നു പേരെയും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡി.വൈ.എഫ്.ഐ കോതോട് യൂനിറ്റ് അംഗങ്ങളാണ് അപകടത്തില്‍പെട്ടവരെല്ലാം. ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ശക്തമായ ഒഴുക്കില്‍പെട്ടത്.

പൃക്കന്തോട് മലയില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ മഴപെയ്തതോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പൂഴിത്തോട് ജലവൈദ്യുതി പദ്ധതി പവര്‍ഹൗസിന് 800 മീറ്റര്‍ അകലെയാണ് പൃക്കന്തോട് ചെക്ഡാം. യുവാക്കള്‍ കുളിക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയായിരുന്നു. കരയിലിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്.  കടന്ത്രപ്പുഴയുടെ ഇരുഭാഗവും വനമേഖലയാണ്. മഴക്കാലത്ത് ശക്തമായ കുത്തൊഴുക്കുള്ള ഭാഗമാണിത്. സംഭവം അറിഞ്ഞ് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തത്തെി. അശ്വന്ത് പേരാമ്പ്ര മെഴ്സി കോളജിലും അക്ഷയ് രാജ് പേരാമ്പ്ര സ്വകാര്യ ഐ.ടി.ഐയിലും വിദ്യാര്‍ഥികളാണ്. സജിന്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.