കരിപ്പൂര്‍: റണ്‍വേ സ്ട്രിപ്പ് 300 മീറ്ററാക്കിയാല്‍ നിര്‍മാണം നടക്കുന്ന ടെര്‍മിനലടക്കം പൊളിക്കണം

കരിപ്പൂര്‍: വിമാനത്താവള വികസനത്തിന്‍െറ ഭാഗമായി റണ്‍വേ സ്ട്രിപ്പിന്‍െറ വീതി 300 മീറ്ററാക്കിയാല്‍ നിലവില്‍ നിര്‍മാണം നടക്കുന്ന ടെര്‍മിനലടക്കം പൊളിച്ചുമാറ്റേണ്ടിവരും. 81 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനലാണ് വികസനം നടന്നാല്‍ പൊളിച്ചുമാറ്റേണ്ടിവരിക. റണ്‍വേ സ്ട്രിപ്പ് 300 മീറ്റര്‍ വീതി കൂട്ടുന്നതിനടക്കമാണ് 348 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്.

നിലവില്‍ 150 മീറ്റര്‍ വീതിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേക്കുള്ളത്. റണ്‍വേയുടെ മധ്യത്തില്‍നിന്ന് ഇരുഭാഗത്തേക്കും 75 മീറ്റര്‍ വീതം. അതോറിറ്റി ആവശ്യപ്പെട്ട രീതിയില്‍ സ്ഥലം ലഭിക്കുകയും വികസനം നടപ്പാക്കുകയും ചെയ്താല്‍ 75 മീറ്റര്‍ എന്നത് 150 ആയി ഉയരും. നിലവില്‍ കരിപ്പൂരിലുള്ള ടെര്‍മിനലുകളും പുതുതായി കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന ടെര്‍മിനലും ഈ ദൂരപരിധിക്കുള്ളിലാണ്. ഇപ്പോള്‍ നിര്‍മാണപ്രവൃത്തി നടക്കുന്ന ടെര്‍മിനല്‍ ഇതിന് പുറത്ത് നിര്‍മിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. അങ്ങനെയാണെങ്കില്‍ വലിയ വിമാനങ്ങളുടെ പാര്‍ക്കിങിന് കരിപ്പൂരിലുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

ഭൂമിയേറ്റെടുത്ത് വികസനം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ടെര്‍മിനലടക്കം മുഴുവന്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലടക്കം പലരും ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ വിഷയം കണക്കിലെടുത്താണ് പള്ളിക്കല്‍ വില്ളേജില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി 132 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വാദം.

17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുന്നത്. പഴയ ആഗമനടെര്‍മിനലില്‍ സൗകര്യങ്ങളില്ലാത്തതിനാലാണ് പുതിയത് നിര്‍മിക്കുന്നത്. വിശാലമായ കസ്റ്റംസ് ഹാള്‍, കൂടുതല്‍ എക്സ്-റേ മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ് എന്നിവയാണ് പുതിയ ടെര്‍മിനലിലുണ്ടാകുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.