തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ മേഖലാ, യൂനിറ്റ് ഓഫിസുകളില്‍ ലോക്കപ്പ് സ്ഥാപിക്കണമെന്ന് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായി വകുപ്പില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഇതുസംബന്ധിച്ച് വിശദമായ പദ്ധതിരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചു. 14 യൂനിറ്റ് ഓഫിസുകളിലും അഞ്ച് റെയ്ഞ്ച് ഓഫിസുകളിലുമാണ് ലോക്കപ്പുകള്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം, പദ്ധതി നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങള്‍ ഏറെയുണ്ട്. വിജിലന്‍സ് മാന്വലില്‍ സമഗ്രമായ മാറ്റംവരുത്തിയാല്‍ മാത്രമേ ഇതു സാധ്യമാക്കാനാവൂ. സാധാരണഗതിയില്‍ വിജിലന്‍സില്‍ അറസ്റ്റ് ഉണ്ടാകാറില്ല.
കൈക്കൂലി ഇടപാടില്‍ ‘കുടുക്കി’ പിടികൂടുന്നവയില്‍ മാത്രമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാറുള്ളത്. പ്രതിയെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാറാണ് പതിവ്. അല്ലാത്തകേസുകളില്‍ അറസ്റ്റ് ഉണ്ടാകാറില്ല. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷകിട്ടുമെന്ന് ഉറപ്പുള്ള കേസുകളില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നാണ് സുപ്രീംകോടതി നിര്‍ദേശം. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി വിജിലന്‍സ് നടപടിക്കെതിരെ കോടതിയെ സമീപിച്ചാല്‍ അന്വേഷണഉദ്യോഗസ്ഥന്‍ കൃത്യമായ കാരണം ബോധിപ്പിക്കണം. അല്ളെങ്കില്‍ ഉദ്യോഗസ്ഥന്‍ നിയമനടപടി നേരിടേണ്ടിവരും.
ഇക്കാരണത്താല്‍ ആരും അറസ്റ്റിന് മുതിരില്ല. ‘ട്രാപ്’ കേസ് അല്ലാതെ വിജിലന്‍സ് ചരിത്രത്തില്‍ ആദ്യമായി ഒരു അറസ്റ്റ് നടന്നത് മലബാര്‍ സിമന്‍റ്സ് അഴിമതി കേസിലാണ്. മുന്‍ എം.ഡി കെ. പത്മകുമാറിന്‍െറ കാര്യത്തിലാണ്. വിജിലന്‍സിന്‍െറ മിക്ക ഓഫിസുകളും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും ആവശ്യമായ സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. പൈതൃക മന്ദിരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ലോക്കപ്പ് സാധ്യമാക്കാന്‍ സാങ്കേതികബുദ്ധിമുട്ടുകളും ഏറെയാണ്. വിജിലന്‍സിനെക്കാള്‍ കൂടുതല്‍ അറസ്റ്റ് നടക്കുന്നത് ക്രൈംബ്രാഞ്ചിലാണ്.
അവര്‍ക്കുപോലും സ്വന്തമായി ലോക്കപ്പില്ലാത്ത സാഹചര്യത്തില്‍ വിജിലന്‍സിന്‍െറ ആവശ്യം അംഗീകരിക്കുമോയെന്ന് കണ്ടറിയണം. എന്നാല്‍, ലോക്കപ്പ് സ്ഥാപിക്കുന്നതിലൂടെ വിജിലന്‍സ് വിഭാഗം ശക്തമാണെന്ന ഭീതി പൊതുസമൂഹത്തിലുണ്ടാക്കിയെടുക്കാമെന്നും അതിലൂടെ അഴിമതി കുറക്കാനാകുമെന്നുമാണ് ജേക്കബ് തോമസ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.