സ്വാശ്രയ മെഡിക്കല്‍; മെറിറ്റ് പാലിച്ചില്ളെങ്കില്‍ പ്രവേശത്തിന് അംഗീകാരമില്ലെന്ന് ജയിംസ് കമ്മിറ്റി

തിരുവനന്തപുരം: മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ പ്രവേശത്തിന് മെറിറ്റ് പാലിച്ചില്ളെങ്കില്‍ വിദ്യാര്‍ഥി പ്രവേശത്തിന് അംഗീകാരം നല്‍കില്ളെന്ന് കൊല്ലം അസീസിയ, പാലക്കാട് പി.കെ. ദാസ് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് നിരസിച്ച 355 അപേക്ഷകര്‍ക്കും പിഴവുതിരുത്താന്‍ കമ്മിറ്റി സമയം അനുവദിച്ചു. യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അകാരണമായി നിരസിച്ച പരാതികളില്‍ വാദം കേട്ട ശേഷമാണ് ഇതുസംബന്ധിച്ച കമ്മിറ്റിയുടെ മുന്നറിയിപ്പ്. കൊല്ലം അസീസിയ കോളജ് മുഴുവന്‍ ഓണ്‍ലൈന്‍ അപേക്ഷകരുടെയും പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ളെന്ന് കമ്മിറ്റിയുടെ പരിശോധനയില്‍ കണ്ടത്തെി. വിദ്യാര്‍ഥി പ്രവേശത്തിന് കോളജ് മെറിറ്റ് ഉറപ്പുവരുത്തിയിട്ടില്ല. ഓപണ്‍ മെറിറ്റ് ക്വോട്ട സീറ്റുകളില്‍ വിദ്യാര്‍ഥികളുടെ റാങ്കുവിവരം ചേര്‍ത്തിട്ടില്ല. ജയിംസ് കമ്മിറ്റി നേരത്തേ നിര്‍ദേശിച്ച പ്രകാരം മുഴുവന്‍ അപേക്ഷകരുടെയും നിരസിച്ചവരുടെയും അന്തിമ റാങ്ക് പട്ടികയും മുഴുവന്‍ വിവരങ്ങളും സഹിതം കോളജ് വ്യാഴാഴ്ച (ഇന്നലെ) വൈകീട്ട് അഞ്ചിനുമുമ്പ് പ്രസിദ്ധീകരിക്കണം.

പിഴവുകള്‍ പരിഹരിക്കാന്‍ അവസരം നല്‍കാത്തവര്‍ക്ക് ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ അവസരം നല്‍കണം. മെറിറ്റ് പ്രകാരം പുതുതായി പ്രവേശം നേടുന്നവരെ ഉള്‍പ്പെടുത്തി പുതിയ റാങ്ക് പട്ടികയും അപേക്ഷ നിരസിക്കപ്പെട്ടവരുടെ പട്ടികയും കോളജ്  പ്രസിദ്ധീകരിക്കണം. മെറിറ്റിലല്ലാതെ ഏതെങ്കിലും വിദ്യാര്‍ഥിയെ ബോധപൂര്‍വം റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത്തരം വിദ്യാര്‍ഥികളുടെ പ്രവേശം കമ്മിറ്റി അംഗീകരിക്കുകയോ ആരോഗ്യ സര്‍വകലാശാലക്ക് അയക്കുകയോ ചെയ്യില്ല.

പാലക്കാട് പി.കെ. ദാസ് കോളജില്‍ അപേക്ഷ നിരസിച്ച വിദ്യാര്‍ഥികള്‍ക്ക് പിഴവ് തിരുത്താന്‍ അവസരം നല്‍കാന്‍ കമ്മിറ്റി ഉത്തരവിട്ടു. ആവശ്യമായ രേഖകള്‍ സഹിതം സമീപിക്കുന്ന വിദ്യാര്‍ഥികളെ മെറിറ്റ് പാലിച്ച് യോഗ്യരായ അപേക്ഷകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. പ്രവേശത്തിന് തയാറാക്കിയ പട്ടിക താല്‍ക്കാലികം മാത്രമാണ്. പരാതിക്കാര്‍ ആവശ്യമായ രേഖകള്‍ സഹിതം ശനിയാഴ്ച രാവിലെ 10നും ഉച്ചക്ക് ഒന്നിനും ഇടയില്‍ പ്രിന്‍സിപ്പലിനെ സമീപിക്കണം. ഇതിനുശേഷം നിയമപ്രകാരം പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ പേര് ഉള്‍പ്പെടുത്തിയ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും കമ്മിറ്റിയുടെ പരിശോധനക്ക് അയക്കുകയും ചെയ്യണം. പ്രവേശത്തിന് തയാറാക്കിയ മുഴുവന്‍ പട്ടികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പട്ടികക്ക് അംഗീകാരം നല്‍കില്ളെന്നും ആരോഗ്യസര്‍വകലാശാലക്ക് അയക്കില്ളെന്നും കമ്മിറ്റി വ്യക്തമാക്കി.

തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് നിരസിച്ച 355 അപേക്ഷകര്‍ക്കും പിഴവ് തിരുത്താന്‍ 26ന് വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചു. 26നുതന്നെ കോളജ് യോഗ്യരായ വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും കമ്മിറ്റിക്ക് കൈമാറുകയും വേണം. ഈ പട്ടികയില്‍ നിന്ന് 27ന് പ്രവേശം നല്‍കണം. 28ന് പ്രവേശം പൂര്‍ത്തിയാക്കണം. ഒഴിവുവന്നാല്‍ 30നകം നികത്തണം. മുഴുവന്‍ പ്രവേശവും മെറിറ്റ് പാലിച്ചും സുതാര്യവുമായിരിക്കണം. കോളജ് നിരസിച്ച അപേക്ഷകര്‍ പ്രവേശം നല്‍കിയവരെക്കാള്‍ റാങ്കില്‍ മുന്നിലുള്ളവരാണെന്ന് കമ്മിറ്റി കണ്ടത്തെി. കമ്മിറ്റിയുടെ നിര്‍ദേശം ലംഘിച്ചാല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അല്‍ അസ്ഹര്‍ കോളജിന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.