സ്വാശ്രയ ചര്‍ച്ച പരാജയം; യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരം തുടരും

തിരുവനന്തപുരം: വര്‍ധിപ്പിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്ന യൂത്ത്കോണ്‍ഗ്രസ് നേതാക്കളുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്മെന്‍റുകളുമായി കരാര്‍ ഒപ്പിട്ട് പ്രവേശനടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫീസ് കുറക്കാനാവില്ളെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് സമരം തുടരാന്‍ തീരുമാനിച്ചു. അതേസമയം, ഇത്തവണ 20 കോളജുകള്‍ സര്‍ക്കാറുമായി കരാറുണ്ടാക്കിയതിനാല്‍ 1150 സീറ്റുകള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതുതായി അംഗീകാരം ലഭിച്ച കണ്ണൂര്‍ കെ.എം.സി.ടിയും കരാറിന് തയറായി മുന്നോട്ടുവന്നിട്ടുണ്ട്. എസ്.യു.ടിക്കും 50 സീറ്റുകള്‍ അധികം ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാറിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 1225 ആയി വര്‍ധിക്കും.

100 സീറ്റുള്ള ഓരോ കോളജിലും താഴ്ന്നവരുമാനക്കാരായ 20 കുട്ടികള്‍ക്ക് 25,000 രൂപയും 30 ശതമാനം കുട്ടികള്‍ക്ക് 2.5 ലക്ഷവുമാണ് ഫീസ്. ഇത്രയും കുട്ടികള്‍ക്ക് കുറഞ്ഞഫീസില്‍ പഠിക്കാനുള്ള അവസരം ലഭിക്കുന്നത് ആദ്യമായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കരാറിന് വിരുദ്ധമായി തലവരിപ്പണം വാങ്ങുന്നതായ പരാതികളില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് പരിയാരം മെഡിക്കല്‍ കോളജിലും നടത്തിപ്പ് ചെലവ് കണക്കാക്കി അവര്‍ക്കും ഫീസ് നിര്‍ണയിച്ച് നല്‍കിയത്. കോളജ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍തന്നെ പരിയാരത്തെയും ഫീസ് കുറക്കുന്നത് പ്രായോഗികമല്ല.

അതേസമയം, പ്രവേശം സംബന്ധിച്ച് ചൊവ്വാഴ്ച പ്രതീക്ഷിക്കുന്ന സുപ്രീംകോടതി വിധി അനുസരിച്ച് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അവര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ  അനീഷ് എരിക്കണ്ണാമല, വിനോദ്, ടി.ജി. സുനില്‍, എസ്.ജി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.