സ്കൂള്‍കുട്ടികള്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വഴിയാകും പദ്ധതി നടപ്പാക്കുക.  അപകടമരണത്തിന് 50,000 രൂപയും ചികിത്സാസഹായമായി 10,000 രൂപ വരെയും ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

വിദ്യാഭ്യാസവകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിതര ഇനത്തില്‍ 50 ലക്ഷത്തോളം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍പെട്ട കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ അരലക്ഷം രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തും. ഇതിന്‍െറ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാം.

കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ 15 ഏക്കര്‍ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

മറ്റ് തീരുമാനങ്ങൾ:

  1. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുളള ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, വൈ-ഫൈ, മൈക്ക്സെറ്റ് എന്നിവ വാങ്ങുന്നതിന് എം.എല്‍.എ. ഫണ്ടില്‍നിന്നും തുക വിനിയോഗിക്കാന്‍ അനുമതി നല്‍കും.
  2. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 150 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  3. വാണിജ്യനികുതി വകുപ്പില്‍ നാല് ഡെപ്യൂട്ടി കമ്മീഷണര്‍, 12 അസിസ്റ്റന്‍റ് കമീഷണര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  4. ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 01-07-2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കും.
  5. പാര്‍ട്ട്-ടൈം കണ്ടിജന്‍റ് പെന്‍ഷന്‍കാരുടെ ദുര്‍ബലതാ പെന്‍ഷന്‍ 01-07-2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കും.
  6. മുന്‍നിയമസഭാംഗവും മുന്‍ എം.പി.യുമായിരുന്ന പി. വിശ്വംഭരന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.