കൊച്ചി: കാവേരി നദീജലത്തെ ചൊല്ലി കര്‍ണാടകയും തമിഴ്നാടും പോരടിക്കുമ്പോള്‍ അനുവദിച്ച ജലം ഉപയോഗപ്പെടുത്താന്‍ പദ്ധതികളില്ലാതെ കേരളം. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഒമ്പത് വര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച 30 ടി.എം.സി ജലം ഉപയോഗിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മാറിവന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കാവേരി ട്രൈബ്യൂണല്‍ അനുവദിച്ച ജലം ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പാമ്പാര്‍ ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമാകാത്തതാണ് പ്രശ്നം. ആലോചനകള്‍ പലത് നടന്നെങ്കിലും ഫലപ്രദമായ നടപടികള്‍ക്ക് സാധിക്കാതെ വരുകയായിരുന്നു. ഒടുവില്‍ കാര്‍ഷികാവശ്യത്തിന് കാവേരി ജലം ലഭ്യമാക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ജലവിഭവ വകുപ്പ് തറക്കല്ലിട്ട പട്ടിശേരി അണക്കെട്ടിന്‍െറ നിര്‍മാണം തുടങ്ങിയിടത്തുതന്നെയാണ്. 2014 നവംബര്‍ മൂന്നിന് അന്നത്തെ ജലവിഭവ മന്ത്രി പി.ജെ. ജോസഫാണ് കാന്തല്ലൂരില്‍ പട്ടിശേരി അണക്കെട്ടിന് തറക്കല്ലിട്ടത്. 23 മീറ്റര്‍ ഉയരവും 135 മീറ്റര്‍ നീളവുമുള്ള ഒരു മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ട് നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ സംഭരിക്കുന്ന ജലം 8.5 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മിച്ച് കാന്തല്ലൂരിലെ 240 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
40 മെഗാവാട്ടിന്‍െറ നിര്‍ദിഷ്ട പാമ്പാര്‍ ജലവൈദ്യുതി പദ്ധതിയുടെ നടപടിക്രമങ്ങളും അവതാളത്തിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. അതുവരെ ജലം പാഴാകും. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ 2007 ഫെബ്രുവരി 12നാണ് കേരളത്തിന് 30 ടി.എം.സി ജലം അനുവദിച്ചത്.
1988 മുതല്‍ ആരംഭിച്ച പഠനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ശേഷമാണ് പാമ്പാര്‍ ജലവൈദ്യുതി പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 230 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പാമ്പാര്‍ പുഴയിലാണ് പദ്ധതി ഉയരേണ്ടത്. 170 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള അണക്കെട്ട് നിര്‍മിക്കണം. കോവില്‍ക്കടവില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴെയാണ് ഡാം നിര്‍മിക്കേണ്ടത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് പവര്‍ഹൗസിന്‍െറ സ്ഥാനം. 800 മീറ്റര്‍ പെന്‍സ്റ്റോക് പൈപ്പും മൂന്നര കിലോമീറ്റര്‍ ടണലും നിര്‍മിക്കണം. പ്രതിവര്‍ഷം 8.5 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന പദ്ധതി ഏതാണ്ട് മരവിച്ച നിലയിലാണ്.
കുറ്റ്യാടി ഓഗ്മെന്‍േറഷന്‍ പദ്ധതിയുടെ ഭാഗമായി എട്ട് ടി.എം.സി ജലം ഉപയോഗിക്കുന്നതൊഴിച്ചാല്‍ കാവേരി അനുബന്ധ നദികളിലെ വെള്ളം ഉപയോഗിക്കാവുന്ന പദ്ധതികളൊന്നും നിലവില്‍ കേരളത്തിനില്ല.
തമിഴ്നാട്ടില്‍ ഒമ്പതാറിന് സമീപം അമരാവതി ഡാമില്‍ സംഭരിക്കുന്ന പാമ്പാറിലെ ജലം ഉപയോഗിച്ച് കോയമ്പത്തൂര്‍, ഈറോഡ്, കരൂര്‍ മേഖലകളിലെ അറുപതിനായിരത്തിലധികം ഏക്കര്‍ കൃഷിയിടം ഫലഭൂയിഷ്ഠമാക്കുകയാണ് തമിഴ്നാട്. മേഖലയിലെ കുടിവെള്ള വിതരണത്തിനും പാമ്പാറിലെ ജലമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.