ഒരു വർഷം ചെലവിട്ടത് 22 കോടി; വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഹെലികോപ്ടർ വാടകക്ക് നൽകിയിരുന്ന കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. വീണ്ടും ഹെലികോപ്ടറിനായി ടെണ്ടർ വിളിക്കാൻ സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ഒരു വർഷം ഹെലികോപ്ടർ വാടകയിനത്തിൽ 22 കോടി ചെലവഴിച്ചെന്ന വിവരം പുറത്തുവന്നത് വിവാദമായിരിക്കെയാണ് വീണ്ടും ഹെലികോപ്ടറിനായി ടെണ്ടർ വിളിക്കുന്നത്.

വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലികോപ്ടറിന്‍റെ ഒരു വർഷത്തെ വാടക സംബന്ധിച്ച ചെലവ് പുറത്തുവന്നത്. എന്നാല്‍ എന്തിനുവേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല.

ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉൾപ്പെടെ 22,21,51,000 രൂപ ചെലവായതായാണ് വിവരാവകാശരേഖപ്രകാരമുള്ള മറുപടി. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. അതേസമയം വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് വ്യക്തമായ മറുപടിയില്ല.

2020 ഏപ്രിലിലാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. ഡല്‍ഹി ആസ്ഥാനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരും ഉള്‍പ്പെട്ടതാണ് പാക്കേജ്. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഹെലികോപ്റ്റർ വാടകയിനത്തിലെ ഭാരിച്ച കണക്ക് പുറത്തുവരുന്നത്. 

Tags:    
News Summary - 22 crore spent a year; Government to hire helicopter again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.