തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ശബ്ദസന്ദേശം പുറത്ത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. അംഗങ്ങളിലാരോ ഈ സന്ദേശം ചോർത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ''ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്'' ശബ്ദ സന്ദേശത്തിൽ പറയുന്നത്.
ഒരു ബാർ ഹോട്ടലുകാരിൽ നിന്ന് രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.
യു.ഡി.എഫ് ഭരണകാലത്തെ ബാർ കോഴ വിവാദം അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയിലാണ് കലാശിച്ചത്. ബാറുകൾ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്നായിരുന്നു ബാറുടമ ബിജു രമേശിന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.