ചങ്ങനാശ്ശേരി: മാടപ്പള്ളി കൃഷി ഓഫിസിലെ സാധനസാമഗ്രികൾ വാടകക്കെട്ടിടത്തില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന് കയറ്റിറക്ക് കൂലിയായി യൂനിയൻകാർ ആവശ്യപ്പെട്ടത് 25,000 രൂപ.
ഒടുവിൽ പഞ്ചായത്ത് അംഗങ്ങൾതന്നെ സാധനങ്ങൾ കയറ്റിയിറക്കി. വര്‍ഷങ്ങളായി തെങ്ങണയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാടപ്പള്ളി കൃഷി ഓഫിസിലെ സാധനസാമഗ്രികള്‍ പഞ്ചായത്ത് ഓഫിസിന് സമീപത്ത് പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നതിനാണ് ചുമട്ടുതൊഴിലാളി യൂനിയന്കാര് 25,000 രൂപ ചോദിച്ചത്.
പഞ്ചായത്ത് ഫണ്ടില്‍നിന്നാണ് തുക നല്‍കേണ്ടത്. സംഭവം അറിഞ്ഞ് വെള്ളിയാഴ്ച രാവിലെ 10 ഓടെ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്ന് സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
പ്രസിഡൻറ് ലൈസാമ്മ മുളവനയുടെ മേല്‍നോട്ടത്തില്‍ മെംബര്‍മാര്‍, കൃഷി ഓഫിസ് ജീവനക്കാർ, പഞ്ചായത്ത് ഹരിത കര്‍മസേന തൊഴിലാളികള്‍ എന്നിവരും സന്നദ്ധരായതോടെ ആധുനിക യന്ത്രങ്ങളടക്കമുള്ളവ പ്രധാന റോഡിലെത്തിച്ച് അവിടെനിന്ന് വാഹനത്തില്‍ പുതിയ കെട്ടിടത്തിലെത്തിച്ചു.
മൂന്നു ലോഡായാണ് മാറ്റിയത്. ചിങ്ങം ഒന്നുമുതല്‍ കൃഷി ഓഫിസ് വാടകക്കെട്ടിടത്തില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
സ്ഥിരം സമിതി അധ്യക്ഷരായ നിധീഷ് കോച്ചേരി, അജിത കുമാരി, ലീലാമ്മ സ്കറിയ, അംഗങ്ങളായ സോജന് പവിയാനോസ്, സണ്ണി എത്തക്കാട്, മിനി റെജി, നിഷ ബിജു, ഷിബു ഫിലിപ്, പഞ്ചായത്ത് സെക്രട്ടറി സഹീര്‍, കൃഷി ഓഫിസര്‍ ജ്യോതി എന്നിവര്‍ സാധനങ്ങള്‍ മാറ്റുന്നതില്‍ പങ്കുചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.