തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും പണംവെച്ചുള്ള ചൂതാട്ടങ്ങള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ചരക്ക് സേവനനികുതി ഈടാക്കാനുള്ള 2024 ലെ കേരള സംസ്ഥാന ചരക്ക് സേവനനികുതി (ഭേദഗതി) ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികൾ പ്രകാരമാണ് കേരളത്തിലും 28 ശതമാനം നികുതി ചുമത്തുന്നത്.
പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി. അതായത് 1000 കോടിയുടെ കുതിരപ്പന്തയം നടന്നാല്‍ അതിന്റെ 28 ശതമാനമാണ് ജി.എസ്.ടി നല്‍കേണ്ടത്. പന്തയത്തിന്റെ ലാഭത്തില്‍നിന്നുള്ള 28 ശതമാനം തുകക്ക് നികുതി ഈടാക്കണമെന്ന നിര്‍ദേശം നേരത്തേ ജി.എസ്.ടി കൗണ്‍സില്‍ തള്ളിയിരുന്നു. 50ാമത് ജി.എസ്.ടി കൗണ്‍സില്‍ കാസിനോ, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ളവക്ക് 28 ശതമാനം ജി.എസ്.ടി നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തു.
ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജി.എസ്.ടി നിയമത്തില്‍ വരുത്തിയത്. കുട്ടികളെ വഴിതെറ്റിക്കുന്ന ഗെയിമുകൾ നിരോധിക്കണമെന്ന് ബിൽ ചർച്ചയിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ധനമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.