കോഴിക്കോട്: ഡി.ആർ.ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സ്വർണക്കടത്തുസംഘം വിവിധ സമയങ്ങളിൽ 30 കിലോയോളം സ്വർണം കടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ). കരിപ്പൂർ കേന്ദ്രീകരിച്ചുള്ള ഇവരുടെ സ്വർണക്കടത്തിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ചൊവ്വാഴ്ച പ്രതികളെ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്യാനപേക്ഷിച്ച് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ വണ്ടിയിൽ ഇടിച്ച ഇന്നോവയിൽനിന്ന് 1,71,73,068 രൂപ വിലയുള്ള 3.42 കിലോ സ്വർണ മിശ്രിതമാണ് കെണ്ടത്തിയത്. ഇന്നോവ ക്രസ്റ്റ കാറിൽ ആറു പോളിത്തീൻ ഉറകളിൽ കടുംമഞ്ഞ നിറത്തിലുള്ള മിശ്രിതവും 57,100 രൂപയുമാണ് പിടിച്ചെടുത്തത്.
നിസാറിനെ ചോദ്യം ചെയ്തപ്പോൾ സ്വർണമിശ്രിതമാണെന്ന് പറഞ്ഞു. മിശ്രിതം വേർതിരിച്ചപ്പോൾ 3.42 കിലോ സ്വർണം കിട്ടി. ദോഹയിൽനിന്നുള്ള വിമാനത്തിലെത്തിയ രണ്ടു യാത്രക്കാർ വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാർ മുഖേനയാണ് മിശ്രിതം കൊടുത്തത്.
ഇതിന് സഹായിച്ച ശുചീകരണ ജീവനക്കാരായ അബ്ദുൽ സലാം, അബ്ദുൽ ജലീൽ, പ്രഭാത്, മുഹമ്മദ് സാബിക്ക് എന്നിവരെയും പിടികൂടി. അബ്ദുൽ സലാം താമസിക്കുന്ന സ്ഥലം പരിശോധിച്ച് 11 ലക്ഷം രൂപയും കാറിലുള്ള 1,62,500 രൂപയും കണ്ടെത്തി. നിസാർ, ഫസലുറഹ്മാൻ എന്നിവർ കൈമാറിയതാണ് ഇതെന്ന് കരുതുന്നു. പലതവണ കരിപ്പൂരിലൂടെ സ്വർണം കടത്തിയെന്ന് സംഘം അന്വേഷണ സംഘത്തോട് സമ്മതിച്ചു. 20 തവണയായി 30 കിലോ സ്വർണം കടത്തിയെന്നാണ് ഇവരുടെ മൊഴി.
ഒരു കോടിയിലധികം രൂപയുടെ സ്വർണമായതിനാലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചത് ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്നുവെന്നും സുഗമമായ അന്വേഷണത്തിന് പ്രതികളെ റിമാൻഡ് ചെയ്യണമെന്നും തുടർനടപടികൾക്ക് കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.