കണ്ണൂര്: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടമ്പൂർ ഫ്ലാറ്റിലെ 44 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിച്ചു. ഗുണഭോക്താവ് കെ.എം. റംലത്തിന്റെ വീട്ടിൽ മുഖ്യമന്ത്രി പാലുകാച്ചി. സംസ്ഥാനത്ത് 25 ഭവന സമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. ഈ സാമ്പത്തിക വർഷം ലൈഫ് മിഷന്റെ ഭാഗമായി 71,861 വീടുകളാണ് നിർമിക്കാൻ പോവുന്നത്. ബജറ്റിൽ 1436.26 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ലൈഫ് മിഷൻ വീടുകൾ നിർമിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപിക്കാം.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്. 64,585 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 40,645 പേർ 2020ലെ ഗുണഭോക്തൃ പട്ടികയിൽ പെട്ടവരാണ്. സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂർത്തീകരണമാണ് നടന്നുവരുന്നത്.
മത്സ്യത്തൊഴിലാളികളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ‘പുനർഗേഹം’ പദ്ധതിയിൽ തിരുവനന്തപുരത്ത് 148 വീടുകളും മലപ്പുറത്ത് 128 വീടുകളും കൊല്ലത്ത് 114 വീടുകളുമടക്കം ആകെ 390 യൂനിറ്റുകളുള്ള ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. തിരുവനന്തപുരം മുട്ടത്തറയിൽ നിർമാണം പൂർത്തിയാക്കി കൈമാറിയ 192 യൂനിറ്റ് ഫ്ലാറ്റുകൾ ഇതിന് പുറമെയാണ്. ആലപ്പുഴയിൽ 228 യൂനിറ്റ് ഫ്ലാറ്റുകളുടെ നിർമാണം പുരോഗമിക്കുന്നു. 956 വീടുകളുള്ള ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകി. വലിയതുറയിലും വേളിയിലും 192 വീടുകൾ അടങ്ങുന്ന ഫ്ലാറ്റിനുള്ള അനുമതി വേഗം തന്നെ ലഭ്യമാക്കാൻ സാധിക്കും.
സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുനർഗേഹത്തിൽ മുട്ടത്തറയിൽ 400, പൊന്നാനിയിൽ 100, വെസ്റ്റ് ഹില്ലിൽ 80, കാസർകോട്ട് 144 വീടുകളുള്ള ഫ്ലാറ്റുകളുടെ നിർമാണം ആരംഭിക്കാൻ പോവുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.