തൃശൂർ: ഉപഭോക്താവിനെ കബളിപ്പിച്ച കമ്പനിയും വ്യാപാര സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. ആളൂർ സ്വദേശി ഫ്രാൻസിസ് ബോർഗിയ ചാലക്കുടി ആനമലയിലെ നയനം ഒപ്റ്റിക്കൽസിനെതിരെ നൽകിയ പരാതിയിലാണ് തൃശൂർ ഉപഭോക്തൃ ഫോറം വിധി പുറപ്പെടുവിച്ചത്.
ഫ്രാൻസിസ് 5400 രൂപ മുടക്കി 2017 ജൂലൈയിൽ നോവ എസിലർ ക്രിസൽ കമ്പനിയുടെ കണ്ണട വാങ്ങിയിരുന്നു. ആൻറി റിഫ്ലക്ഷൻ/ആൻറിഗ്ലെയർ കോട്ടിങ്, സ്ക്രാച്ച് റെസിസ്റ്റൻസ് എന്നിങ്ങനെ മികച്ച ഗുണനിലവാരമുള്ളതാണ് ഇതെന്ന വാഗ്ദാനത്തിലായിരുന്നു കണ്ണട വാങ്ങിയത്. വാങ്ങി ഒരുമാസത്തിനകം തന്നെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നും ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയതനുസരിച്ച് പരാതി കമ്പനിയെ രേഖാമൂലം അറിയിച്ചു. മൂന്ന് മാസമായിട്ടും പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിലായിരുന്നു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച ഫോറം തെളിവുകൾ പരിശോധിച്ച് പരാതിക്കാരെൻറ വാദം ശരിയാണെന്ന് കണ്ടെത്തി. നഷ്ടപരിഹാരമായി കണ്ണട കമ്പനിയായ എസിലർ ഇന്ത്യ അധികൃതർ 25,000 രൂപയും കണ്ണട വിൽപന നടത്തിയ ചാലക്കുടി നയനം ഒപ്റ്റിക്കൽസും എറണാകുളത്തെ വിഷൻ ആർ.എക്സ് ലാബും 5000 രൂപയും പരാതിക്കാരന് നൽകാൻ സി.ടി. സാബു പ്രസിഡൻറും കെ. രാധാകൃഷ്ണൻ നായർ, എസ്. ശ്രീജ മെംബർമാരുമായുള്ള തൃശൂർ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. അഭിഭാഷകനെ നിയോഗിക്കാതെയായിരുന്നു ഫ്രാൻസിസ് കേസ് വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.