കൊച്ചി: കഴിഞ്ഞ വർഷം സംസ്ഥാനത്ത് തെരുവുനായുടെ കടിയേറ്റത് നാലേകാൽ ലക്ഷം പേർക്ക്. 2021 മുതൽ 2022 ആഗസ്റ്റ് വരെ 4,17,931 പേർക്ക് കടിയേറ്റെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 32 പേർ പേവിഷ ബാധയേറ്റ് മരിച്ചെന്നും കണക്കുകൾ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നതിനൊപ്പം ആക്രമണവും വർധിക്കുന്നുവെന്നാണ് കണക്കുകൾ. 2017ൽ 1,35,749 പേർക്കും 2018ൽ 1,48,899, 2019ൽ 1,61,055, 2020ൽ 1,60,483 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കടിയേറ്റവരുടെ എണ്ണം. ഇതിന്റെ ഇരട്ടിയാണ് 2021-22ൽ കടിയേറ്റത്.
കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളെ ഉൾപ്പെടുത്തി നടത്തിയ വന്ധ്യംകരണം പദ്ധതി ഫലപ്രദമല്ലാത്തതിനെ തുടർന്ന് ഹൈകോടതി ഇടപെടുകയും പദ്ധതിയിൽനിന്ന് കുടുംബശ്രീ യൂനിറ്റുകളെ ഒഴിവാക്കുകയും ചെയ്തിരുന്നു. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടും മൃഗക്ഷേമ സംഘടനകൾക്കും അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല.
തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സെപ്റ്റംബറിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുതലത്തിൽ 637 ഹോട്ട് സ്പോട്ട് കണ്ടെത്തി. 52,144 പഞ്ചായത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിൽ 3256 തെരുവുനായ്ക്കും 2,43,950 വളർത്തുനായ്ക്കും വാക്സിനേഷൻ നൽകി. നഗരസഭതലത്തിൽ 12,022 തെരുവുനായ്ക്ക് വാക്സിനേഷൻ നൽകിയെങ്കിലും നിയന്ത്രണത്തിന് ഗുണകരമാകുന്ന നടപടികൾ ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.