വയനാട്ടിലെ ആദിവാസികൾക്കിടയിൽ പട്ടിണിമരണമുണ്ടായ സമയത്താണ് 2001 സെപ്റ്റംബർ ഒന്നിന് സി.കെ. ജാനുവിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണി ഒക്ടോബർ 16ന് വിളിച്ച യോഗത്തിൽ ഏഴാമത്തെ തീരുമാനം വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ ആവശ്യമായ നിക്ഷിപ്ത വനഭൂമി കേന്ദ്ര സർക്കാറിെൻറ അനുമതിയോടെ കണ്ടെത്തി സമയബന്ധിതമായി വിതരണത്തിന് നടപടി സ്വീകരിക്കണം എന്നായിരുന്നു.
സർവേയിൽ 22,491 ഭൂമിയില്ലാത്ത കുടുംബങ്ങളും ഒരേക്കറിൽ കുറവ് ഭൂമിയുള്ള 30,981 കുടുംബങ്ങളുമുണ്ടെന്ന് കണ്ടെത്തി. ഇവ പരിഹരിക്കാമെന്നും 2002 ജനുവരി ഒന്നിന് വിതരണം ആരംഭിക്കുമെന്നും വാഗ്ദാനം നൽകി. ഭൂമി പതിച്ചുനൽകാനുള്ള ചട്ടങ്ങൾ 2001 ഡിസംബർ 13ന് ഗസറ്റിൽ വിജ്ഞാപനം ചെയ്തു. എന്നാൽ, ഒമ്പതു വർഷത്തിനിപ്പുറവും ഭൂപ്രശ്നത്തിനു പരിഹാരമില്ലാതെ ആദിവാസികൾ സമരത്തിലാണ്.
സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയും ബി.ജെ.പിയും കോണ്‍ഗ്രസും അടക്കമുള്ളവയുടെ കീഴിലുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ 2012 മേയ്, ജൂണ്‍ മാസങ്ങളില്‍ വയനാടിെൻറ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയില്‍ ആരംഭിച്ച സമരമാണ് അനിശ്ചിതമായി നീളുന്നത്. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലായി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ കൈയേറിയ സ്ഥലങ്ങളില്‍ അധികവും കൃഷിഭൂമിയായി മാറി. എന്നിട്ടും ഭൂമി അളന്നുതിരിക്കാനും കുടുംബങ്ങള്‍ക്കു കൈവശരേഖ നല്‍കാനും നടപടിയില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി സംസ്ഥാന സര്‍ക്കാറിനു ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശ രേഖ നല്കുന്നതിനു തടസ്സമെന്നാണ് എ.കെ.എസ് നേതാക്കൾ പറയുന്നത്.
1974ലെ നിക്ഷിപ്ത വനം കമ്മിറ്റി ആദിവാസികൾക്ക് മാറ്റിവെക്കാൻ ശിപാർശ ചെയ്ത ഭൂമിയിൽ ഉൾപ്പെട്ട 30,490 ഏക്കർ ഭൂമി വിതരണം ചെയ്യാനായി കേന്ദ്ര അനുമതി തേടിയിരുന്നു.
കേന്ദ്ര സർക്കാറിന് സംസ്ഥാനം നൽകിയ കത്തിൽ 30,000 ഏക്കർ നിക്ഷിപ്ത വനഭൂമിയാണ് ആവശ്യപ്പെട്ടത്. നീണ്ട പഠനങ്ങൾക്കൊടുവിൽ ആദിവാസികളുടെ പുനരധിവാസത്തിന് നിക്ഷിപ്ത വനഭൂമി നൽകാൻ അനുകൂല റിപ്പോർട്ടും നൽകി. ഈ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ വൃക്ഷനിബിഢമായ ഭാഗവും നദികളുടെ വൃഷ്ടിപ്രദേശവും ഒഴിവാക്കി കൃഷിക്കും മനുഷ്യവാസത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഭൂമിക്കായാണ് നിർദേശം സമർപ്പിച്ചത്. ആദിവാസികൾക്ക് വിതരണം ചെയ്യാൻ മുമ്പ് കണ്ടെത്തിയ 14,017 ഏക്കർ ഭൂമിയും സുപ്രീംകോടതി അനുവദിച്ച 7250 ഏക്കർ ഭൂമിയും എല്ലാ നടപടിക്രമങ്ങൾക്കു ശേഷവും ചുവപ്പുനാടയിൽ കുരുങ്ങിയ കാഴ്ചകളാണ് പിന്നീട് കണ്ടത്.
സംസ്ഥാനത്തുതന്നെ വയനാട് ജില്ലയിലാണ് ഭൂരഹിതരായ ആദിവാസികൾ ഏറെ. അതു തിരിച്ചറിഞ്ഞാണ് 1970കളിൽ ടി. മാധവമേനോെൻറ നേതൃത്വത്തിൽ ത്വരിതഗതിയിൽ ചില പ്രവർത്തനങ്ങൾ നടന്നത്. നിക്ഷിപ്ത വനം കമ്മിറ്റി ശിപാർശ പ്രകാരം വനം വകുപ്പ് 1977ൽ ജില്ലയിലെ പൊഴുതന വില്ലേജിലെ 3876 ഏക്കർ വനഭൂമി ആദിവാസി പുനരധിവാസത്തിനായി റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. അതിൽ സുഗന്ധഗിരി കാർഡമം പ്രോജക്ട് ആരംഭിക്കുകയും ചെയ്തു.
സുഗന്ധഗിരി, പൂക്കോട് എന്നിവിടങ്ങളിൽ ഉൾപ്പെട്ട മൊത്തം 6672 ഏക്കർ ഭൂമിയുടെ വിവരങ്ങളടങ്ങിയ പ്രപ്പോസലാണ് 2003 ജൂലൈയിൽ കേന്ദ്ര സർക്കാർ അനുമതിക്കായി സമർപ്പിച്ചത്. പിന്നീട് സുഗന്ധഗിരി, പൂക്കോട് പ്രദേശങ്ങളിൽ ഭൂമി പതിച്ചുകൊടുത്തപ്പോഴും ആദിവാസികളെ സംസ്ഥാന സർക്കാർ പറ്റിച്ചു. കേന്ദ്രം അനുവദിച്ച ഭൂമി മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള നീക്കവും അതുവഴി അടിസ്ഥാന വിഭാഗത്തെ കബളിപ്പിക്കുന്ന നിലപാടുമാണ് ഭരണകൂടം കൈക്കൊണ്ടതെന്നാണ് പരാതി.
പ്രിയദർശിനി എസ്റ്റേറ്റിന് 250 ഏക്കർ, വെറ്ററിനറി സർവകലാശാലക്ക് 100 ഏക്കർ, നവോദയ സ്കൂളിന് 25 ഏക്കർ, മോഡൽ റെസിഡൻഷ്യൽ സ്കൂളിന് 20 ഏക്കർ, ജയിൽ നിർമാണത്തിനായി അഞ്ച് ഏക്കർ എന്നിങ്ങനെ ഭൂമി കൈമാറ്റം ചെയ്തതോടെ ആദിവാസികളുടെ ഭൂമി സ്വപ്നത്തിന് കരിനിഴൽ വീണു. പൂക്കോട് 302 ഏക്കർ സ്ഥലം മാത്രമാണ് ആദിവാസികൾക്ക് നൽകിയത്. ഒടുവിലെ സർക്കാർ കണക്കനുസരിച്ച് തെക്കൻ വയനാട്ടിൽ 1484 ഏക്കറും വടക്കേ വയനാട്ടിൽ 202 ഏക്കറും മാത്രമാണ് വനാവകാശ നിയമപ്രകാരം കൈവശാവകാശം നൽകിയത്. 2019 ജനുവരി 23ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത യോഗത്തിൽ ജില്ലയിൽ ഏകദേശം 8000 പേർക്ക് ഭൂമി അനുവദിക്കണമെന്ന് കലക്ടർ അറിയിച്ചു.
കേന്ദ്ര അനുമതി ലഭിച്ച ഭൂമിയിൽ 660 പേർക്ക് 486 ഏക്കറും സുഗന്ധഗിരിയിൽ പൂക്കോട് പദ്ധതി പ്രകാരം അനുവദിച്ച 2688 ഏക്കറും മാത്രമാണ് വിതരണം ചെയ്തത് എന്ന് മറ്റൊരു കണക്കും പറയുന്നു. 4741 ഏക്കർ ബാക്കിയുണ്ടെന്ന് പട്ടികവർഗ വകുപ്പ് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ആദിവാസി പുനരധിവാസ മിഷെൻറയും റവന്യൂ വകുപ്പിെൻറയും ഭൂവിതരണ കണക്കുകളിലെ വൈരുധ്യം മുമ്പുതന്നെ വിവാദമായിരുന്നു.
ഇവ പരിഹരിക്കുന്നതിനു പകരം 2019 ജൂലൈ 29ന് പുനരധിവാസ മിഷൻ ചീഫിന് വയനാട് കലക്ടർ അയച്ച കത്ത് ആദിവാസികൾക്ക് കനത്ത പ്രഹരവുമായി. അനുവദിച്ച 7520 ഏക്കർ വനഭൂമിയിൽ 253 ഏക്കർ മാത്രമേ ഇനി നൽകാനുള്ളൂ എന്നാണ് അധികൃതഭാഷ്യം.
ജില്ലയിൽ വിതരണം ചെയ്യാൻ വനം-റവന്യൂ-പട്ടികവർഗ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തിയതിൽ 253 ഏക്കർ മാത്രമേ വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമിയുള്ളൂ. അതേസമയം, ജില്ലയിൽ തീർത്തും ഭൂരഹിതരായ 3215ലധികം ആദിവാസി കുടുംബങ്ങളുണ്ടെന്ന് പട്ടികവർഗ വകുപ്പിെൻറ സർവേ വ്യക്തമാക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.