കോട്ടയം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരിൽ 18 പേർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയിൽ മോചിതരാകും. 33 പേരുടെ പട്ടികയാണ് ജയിൽ വകുപ്പിൽ നിന്നും സമർപ്പിക്കപ്പെട്ടതെങ്കിലും 15 പേരുടെ പേരുകൾ സർക്കാർ നിയോഗിച്ച സമിതി ഒഴിവാക്കിയാണ് പുതിയ പട്ടിക തയാറാക്കിയത്.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത്. ആസാദീ കാ അമൃത് മഹോത്സവ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഇവരുടെ മോചനം. 84 തടവുകാരാണ് കേരളത്തിലെ ജയിലുകളില്‍നിന്നും ഈ ആനുകൂല്യത്തിലൂടെ മൂന്ന് ഘട്ടങ്ങളിലായി ഇതുവരെ പുറത്തിറങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു വര്‍ഷം നീണ്ട ‘ആസാദീ കാ അമൃത് മഹോത്സവ്’ എന്ന പദ്ധതിക്ക് 2023 ആഗസ്റ്റ് 15ന് പരിസമാപ്തി കുറിക്കുകയാണ്. അതിന്റെ ഭാഗമായി പ്രത്യേക പരിഷ്കരണ പദ്ധതി (സ്പെഷല്‍ റെമിഷന്) വഴി കേരളത്തിലെ ജയിലുകളില്‍ നിന്നും 66 തടവുകാരാണ് ഇതുവരെ മോചിതരായത്. പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് 18 പേർ കൂടി സ്വതന്ത്രരാകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഗുരുതര അതിക്രമങ്ങൾ നടത്തിയവരെ ശിക്ഷായിളവിന് പരിഗണിച്ചിട്ടില്ല.
ആഭ്യന്തരവകുപ്പിന്റെ നിർദേശാനുസരണം അഡീ. ചീഫ് സെക്രട്ടറി ചെയർമാനും നിയമ സെക്രട്ടറി, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് ജയിൽ മോചനത്തിന് അർഹരായവരെ കണ്ടെത്തിയത്. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും 33 തടവുകാരെ വീതമാണ് മോചിപ്പിച്ചിരുന്നത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മോചിതരാകാൻ ആഭ്യന്തര വകുപ്പ് നിർദേശിച്ച യോഗ്യതയുള്ള 82 തടവുകാരുടെ പട്ടികയാണുണ്ടായിരുന്നത്. ജൂൺ 21ന് ചേർന്ന സബ് കമ്മിറ്റി ഈ പട്ടികയിൽനിന്നും 33 പേരുടെ പേര് തയാറാക്കി സർക്കാറിന് സമർപ്പിച്ചു. അതിൽനിന്നാണ് 18 പേരുടെ ലിസ്റ്റിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റി അംഗീകാരം നൽകിയത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരായ ചന്ദ്രൻ പിള്ള, മഹേഷ്, ശരത്, ഷിബു, ഷൈജു, അജി കുമാർ, വിഷ്ണു, തോമസ് ഫിലിപ്പ്, ശ്യാം, സജീവ് കുമാർ, ദിലീപ് ഖാൻ, ഉണ്ണികൃഷ്ണൻ, വിയ്യൂരിലെ വിശ്വനാഥൻ, കൃഷ്ണകുമാർ, കണ്ണൂരിലെ കറപ്പൻ, കുഞ്ഞമ്പു, തവനൂരിലെ കുട്ടൻ, ധനേഷ് എന്നീ തടവുകാരാണ് മോചിതരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.