കോതമംഗലം: വൈദ്യുതി ലൈനിന് താഴെയുള്ള കുലച്ച വാഴകൾ കെ.എസ്.ഇ.ബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. വാരപ്പെട്ടി ഇളങ്ങവത്ത് കാവുംപുറത്ത് അനീഷും പിതാവ് തോമസും ചേർന്നുനട്ട വാഴകളിൽ 406 എണ്ണമാണ് ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി പ്രസരണം ഉണ്ടാകുന്നെന്ന് പറഞ്ഞ് കെ.എസ്.ഇ.ബി അധികൃതർ വെട്ടിനശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന സംഭവം പുറത്തറിഞ്ഞതോടെ കർഷകന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്ത് വന്നു.
ഹൈടെന്‍ഷന്‍ ലൈന്‍ പതിറ്റാണ്ടുകളായി പ്രദേശത്ത് ക്രമാതീതമായി താഴ്ന്നുകിടക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്താതിരിക്കുകയും ചെയ്തതിലൂടെ ഉദ്യോഗസ്ഥ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി പ്രസ്തുതസ്ഥലത്ത് കൃഷി ചെയ്യുന്ന കുടുംബത്തോട് കൃഷിയിറക്കി ഒമ്പത് മാസത്തിനിടെ ഒരിക്കല്‍പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാഴകള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല.
വാഴകൾ വെട്ടിക്കളഞ്ഞവർക്കെതിരെ കേസെടുക്കണമെന്നും കർഷകന് നഷ്ടപരിഹാരം ഉടൻ കൈമാറണമെന്നും കിഫ ആവശ്യപ്പെട്ടു. വിളവെടുപ്പിന് പാകമായ വാഴകൾ വെട്ടിനശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു പറഞ്ഞു. ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലം പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര് സന്ദര്‍ശിച്ചു.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കർഷകനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കി നൽകണമെന്നും കിസാൻ സഭ ജില്ല പ്രസിഡന്റ് ഇ.കെ. ശിവൻ ആവശ്യപ്പെട്ടു.അനീഷ് തോമസിന്റെ വാഴത്തോട്ടം കേരള കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കര്‍ഷക സംഘം ജില്ല പ്രസിഡന്റ് ആര്. അനില്‍കുമാര്‍, സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ.ബി. മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാഴത്തോട്ടം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. കർഷകന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി കെ.എസ്.ഇ.ബി നടത്തിയ നടപടി അങ്ങേയറ്റം ക്രൂരവും പ്രതിഷേധാർഹവും ആണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. .കർഷകന് നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭവുമായി മുന്നോട്ടു വരുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
മൂവാറ്റുപുഴ: ദുരിതത്തിലായ കർഷകരോടുള്ള അധികൃതരുടെ കൊടും ക്രൂരതയാണ് വാരപ്പെട്ടിയിലെ വാഴ കർഷകനോടുള്ള വൈദ്യുതി വകുപ്പിന്റെ പെരുമാറ്റമെന്ന് ഇൻഫാം. കനത്ത വിലയിടിവ് നേരിടുന്ന കാർഷിക മേഖലയിൽ ഓണ വിപണി ലക്ഷ്യമിട്ടുള്ള കർഷകന്റെ പ്രതീക്ഷയാണ് വൈദ്യുതി വകുപ്പിന്റെ കാടത്തം വെട്ടിനശിപ്പിച്ചത്. നഷ്ടപരിഹാരം നൽകണമെന്നും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, പ്രസിഡന്റ് ജോസ് എടപ്പാട്ട് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.