കൊച്ചി: 47 വർഷത്തെ പോരാട്ടത്തിനൊടുവിൽ ഏഴ് ആദിവാസികൾക്ക് ഒരേക്കർ വീതം ഭൂമി നൽകാൻ ഉത്തരവ്. സംസ്ഥാന സർക്കാർ ആദിവാസികളോട് കാട്ടിയ ക്രൂരതക്ക് പര്യായമാണ് ഈ സംഭവം. 1974ൽ കെ.എസ്.ഇ.ബിയുടെ ലോവർ പെരിയാർ ജലവൈദ്യുതി പദ്ധതിക്ക് മൂന്നാർ ഡിവിഷനിലെ നേര്യമംഗലം റേഞ്ചിൽ പാംബ്ല പ്രദേശത്ത് ഭൂമി ഏറ്റെടുത്തിരുന്നു. അതിെൻറ ഭാഗമായി കുടിയിറക്കിയ 44 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിൽ സർക്കാർ കൈമലർത്തി. തലചായ്ക്കാനിടമില്ലാതെ അവർ ചിന്നിച്ചിതറി.
നീതിനിഷേധത്തെ ആരും അന്ന് ചോദ്യം ചെയ്തില്ല. ഒരുവ്യാഴവട്ടക്കാലം കഴിഞ്ഞ് 1987ൽ ഗിരിവർഗ സേവാ സമിതി പ്രസിഡൻറ് ഒ.ആർ. ചന്ദ്രൻ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകി. 44 കുടുംബങ്ങളുടെ പട്ടികയും സമർപ്പിച്ചു. അഞ്ചുവർഷത്തിനുശേഷം 1992ൽ അർഹരായവർക്ക് ഒരു ഹെക്ടർ(രണ്ടര ഏക്കർ) അനുവദിക്കണമെന്ന് വനംവകുപ്പിന് സർക്കാർ കത്ത് നൽകി.
1980ലെ വനഭൂമി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വനഭൂമിക്ക് പട്ടയം നൽകണമെങ്കിൽ കേന്ദ്രസർക്കാറിെൻറ പ്രത്യേക അനുമതി വേണമെന്നത് ചൂണ്ടിക്കാട്ടി ഭൂമി നൽകുന്നതിന് വനംവകുപ്പ് എതിർത്തു. അപ്പോഴേക്കും കുടിയിറക്കപ്പെട്ടവരിൽ പലരും പലായനം ചെയ്തത് എവിടേക്കാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടായി. 44 പേരിൽ 32 പേരെ കണ്ടെത്തി ഒ.ആർ. ചന്ദ്രൻ ഡി.എഫ്.ഒക്ക് ഭൂമിക്കായി അപേക്ഷ നൽകി. ഇവർക്കായി നേര്യമംഗലം റേഞ്ചിലെ വേലിയത്തുപരമ്പുവിൽ 32 ഹെക്ടർ സ്ഥലം1993ൽ കണ്ടെത്തി. എന്നാൽ, 32 പേരിൽ 12 പേർക്കാണ് രേഖകൾ ഹാജരാക്കാൻ കത്തയച്ചത്. അതിൽ മൂന്നുപേരുടെ കത്ത് വിലാസം കണ്ടെത്താനാവാതെ മടങ്ങി. പിന്നീട് നടപടിയുണ്ടായില്ല.
മൂന്ന് പതിറ്റാണ്ടിനുശേഷം 2014ൽ ശാന്തമ്മ ഗോപിയും മറ്റ് ആറുപേരും ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഇവരെല്ലാം കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അവകാശികളായിരുന്നു. 2019 ജനുവരിയിലെ വിധിന്യായത്തിൽ അപേക്ഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് അഞ്ച് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടർന്നു. ഒടുവിൽ ശാന്തമ്മ ഗോപി കോടതിയലക്ഷ്യത്തിന് കേസ് നൽകി. ഹരജി പരിഗണിച്ച് ഡിസംബർ രണ്ടിന് കോടതിയുടെ അന്തിമ വിധിയുണ്ടായി. തുടർന്ന് ഇടുക്കി കലക്ടർ ഫെബ്രുവരി 15ന് നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ഒരേക്കർ വീതം അനുവദിക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.