പാലക്കാട്: മനുഷ്യ-വന്യജീവി സംഘർഷത്തിൽ കലുഷിതമായി ജില്ലയുടെ വനാതിർത്തികൾ. അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടമായത് 49 പേർക്ക്. കാട്ടാനയും പന്നിയും അടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. പുതൂർ തേക്കുപ്പനയിൽ രംഗന്റെ മരണമാണ് അവസാനത്തേത്. കശുവണ്ടി ശേഖരിക്കാൻ കാട്ടിലേക്കു പോയതായിരുന്നു ഇയാൾ. വന്യമൃഗ-മനുഷ്യ സംഘർഷം വർധിക്കുമ്പോഴും ഇതിന് തടയിടാൻ കൃത്യമായ പോംവഴികൾ വനംവകുപ്പിന്റെയോ സർക്കാറിന്റെയോ മുന്നിലില്ല. കൃത്യമായ പഠനങ്ങളുടെയും പരിശോധനകളുടെയും അഭാവം ശാസ്ത്രീയ ഇടപെടലുകൾക്കും വെല്ലുവിളിയാണ്. വനാതിർത്തികളിൽനിന്ന് ഉയരുന്ന പ്രതിഷേധം ഇത്തവണ വോട്ടുബാങ്കിലും സ്വാധീനിച്ചേക്കും.
അഞ്ചു വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 594 പേർക്ക് പരിക്കേറ്റതായി വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ 99 പേർ പാമ്പുകടിയേറ്റും മരിച്ചു. ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും പോംവഴികളില്ലാതെ വനംവകുപ്പ് നെട്ടോട്ടത്തിലാണ്. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷിക മേഖലകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിൽ പാലക്കാട് ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.