നാലാം 100 ദിനം: 13 പഞ്ചായത്തുകളില്‍ കളിക്കളം ഒരുങ്ങും

തിരുവനന്തപുരം: ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറു ദിന പരിപാടിയില്‍ കായികവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് 13 കളിക്കളങ്ങള്‍ കൂടി ഒരുങ്ങുമെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയച്ചു. ഇതോടെ പദ്ധതിക്ക് കീഴിലെ നടപ്പാകുന്ന കളിക്കളങ്ങളുടെ എണ്ണം 17 ആകും.

ചാത്തന്നൂരിലെ ചിറക്കര, ചടയമംഗലം എന്നിവിടങ്ങളിലെ കളിക്കളങ്ങള്‍ ഓഗസ്തില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ആദ്യ കളിക്കളം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. നാലാം 100 ദിനത്തില്‍ കോലൂര്‍ (ചിറയിന്‍കീഴ്), തഴക്കര (മാവേലിക്കര),സത്യന്‍നഗര്‍ (നേമം), മുളക്കുഴ (ചെങ്ങന്നൂര്‍), മണിമല (കാഞ്ഞിരപ്പള്ളി), പുത്തന്‍ചന്ത (പൂഞ്ഞാര്‍), ഇരട്ടയാര്‍ (ഉടുമ്പന്‍ചോല), കുരിയമല (മൂവാറ്റുപുഴ) വടക്കാഞ്ചേരി, ശ്രീകൃഷ്ണപുരം (ഒറ്റപ്പാലം), ഒളവണ്ണ (കുന്നമംഗലം), കല്ല്യാശ്ശേരി(കുഞ്ഞിമംഗലം), പിണറായി എന്നിവിടങ്ങളിലാണ് പുതുതായി കളിക്കളം ഒരുക്കുന്നത്.

കായികനയം മുന്നോട്ടുവെച്ച, എല്ലാവര്‍ക്കും കായികം എല്ലാവര്‍ക്കും ആരോഗ്യം എന്ന അടിസ്ഥാന കാഴ്ചപ്പാടിന് അനുസരിച്ചാണ് എല്ലാ പഞ്ചായത്തിലും കളിക്കളം ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഓപ്പണ്‍ ജിം, നടപ്പാത എന്നീ സൗകര്യങ്ങളും ഉണ്ടാകും.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ 124 കളിക്കളങ്ങളുടെ പട്ടികയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 120 കളിക്കളങ്ങള്‍ക്ക് 60 കോടി രൂപയുടെ സമഗ്ര ഭരണാനുമതി നല്‍കി. ഒരു കളിക്കളത്തിന് ഒരു കോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 50 ശതമാനം തുക കായിക വകുപ്പിന്റെ വിഹിതമായും ബാക്കി ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സി.എസ്.ആര്‍ ഫണ്ട് തുടങ്ങിയവയില്‍ നിന്നുമാണ് കണ്ടെത്തുക.

News Summary - 4th 100 day: The playing field will be ready in 13 panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.