റാന്നി: നീണ്ട ഒൻപതുവർഷം. പോരാട്ടത്തിന്റെ നിർത്താതെയുള്ള ഓട്ടം. കാലിടറിയിടത്തൊന്നും കിതയ്ക്കാതെ മുന്നോട്ടുപോയ ടിയാന വിജയതീരമണഞ്ഞു. ‘‘ഏറെ സന്തോഷം... നീണ്ട കാത്തിരിപ്പിന് വിരാമമായി’’. ഒടുവിൽ സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഇന്ത്യയുടെ മെഡൽ ജേതാവിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ഒരു പതിറ്റാണ്ടായി നിലനിന്നിരുന്ന സർക്കാർ വിലക്ക് നീങ്ങിയതോടെയാണ് സാഫ് ഗെയിംസ് സ്വർണമെഡൽ ജേതാവ് വെച്ചൂച്ചിറ ചാത്തൻതറ കുരുമ്പൻമൂഴി കാളിയാനിക്കൽ ടിയാന മേരി തോമസിന്റെ സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞത്. അതും ആഗ്രഹിച്ചതുപോലെ കേരളത്തിൽ തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരൊപ്പിൽ വിരിഞ്ഞത് ട്രാക്കിൽ തളരാതെ രാജ്യത്തിനായി സ്വർണമെഡലുകൾ നേടിയ കായികതാരത്തിന്റെ ആത്മാഭിമാനം കൂടിയാണ്. ഒപ്പം അവസാനിച്ചത് ഒരു പതിറ്റാണ്ടത്തെ പോരാട്ടവും. സർക്കാർ ഉത്തരവ് ലഭിക്കുന്നതോടെ സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ജോലിയിൽ പ്രവേശിക്കും.
4x400 റിലേയിൽ വിവിധ മത്സരങ്ങളിൽ സ്വർണമെഡലുകൾ നേടിയ ടിയാനയ്ക്ക് ജോലി ലഭിക്കുന്നതിന് തടസ്സമായിവന്നത് ഉത്തേജകമരുന്ന് ഉപയോഗമെന്ന ആരോപണമായിരുന്നു. 2011 ജൂൺ 29ന് നടന്ന പരിശോധനയിലാണ് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലുമൊക്കെ ഇന്ത്യയുടെ 4x400 മീറ്റർ റിലേ ടീമിൽ അംഗങ്ങളായിരുന്ന ടിയാന അടക്കം ആറുവ നിതകൾ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തുകയും സസ്പെൻഡുചെയ്യുകയും ചെയ്തത്. യുക്രൈൻകാരനായ കോച്ച് നൽകിയ വൈറ്റമിൻ ഗുളികയാണ് വിനയായത്. വിലക്ക് 2013-ൽ അവസാനിച്ചതോടെ ഇവർ ട്രാക്കിൽ വീണ്ടും സജീവമായി. പിന്നീട് പരിക്കിനെ തുടർന്ന് മത്സരങ്ങളിൽനിന്നു പിന്മാറി.
ഉത്തേജക മരുന്ന് ആരോപണത്തിൽ ഉൾപ്പെട്ടിരുന്ന മറ്റ് അഞ്ചുപേരും വർഷങ്ങൾക്കുമുമ്പേ ജോലിയിൽ പ്രവേശിച്ചിട്ടും ടിയാനയുടെ ജോലിയെന്ന മോഹം സർക്കാർ വിലക്കിൽ കുരുങ്ങി നീളുകയായിരുന്നു.
അന്ന് ടിയാനയ്ക്ക് ഒപ്പം സസ്പെൻഡ് ചെയ്യപ്പെട്ട അശ്വിനി അക്കുഞ്ചി സ്പോർട്സ് അതോറിറ്റിയിലും സിനി ജോസ് റെയിൽവേയിലും മൻദീപ് കൗർ പഞ്ചാബ് പൊലീസിലും ജോനാ മുർമു ഒ.എൻ.ജി.സിയിലും പ്രിയങ്ക പവാർ ഇൻകംടാക്സിലും ജോലിക്കുകയറി.
റെയിൽവേയിലും എഫ്.സി.ഐ.യിലും നിന്ന് ജോലിവാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും കേരളത്തിൽ തന്നെ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ടിയാന. സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് ക്വാട്ട നിയമനത്തിന് ടിയാന അപേക്ഷിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമന പട്ടികയിൽ പേര് വന്നെങ്കിലും പഴയ ഉത്തേജക കഥപറഞ്ഞ് പേരുവെട്ടി.
2014 മുതൽ പലതവണ കായികമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ടുകണ്ട് സങ്കടം അറിയിച്ചതാണ്. സ്പോർട്സ് ജേർണലിസ്റ്റുകളും ഉന്നത ഉദ്യോഗസ്ഥരായ കായിക പ്രേമികളും ടിയാനയുുടെ ദുഃഖം ഒരിക്കൽകൂടി മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിച്ചാണ് പരിഹാരം കണ്ടത്.
സർവീസിലിരിക്കേണ്ട ഒൻപതുവർഷങ്ങൾ നഷ്ടമായെങ്കിലും വെച്ചൂച്ചിറ ചാത്തൻതറ കുരുമ്പൻമൂഴി കാളിയാനിക്കൽ ടിയാന മേരി തോമസ് ഇപ്പോഴെങ്കിലും ജോലിലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഭർത്താവ് റിന്റോയ്ക്കും മക്കളായ ആതിലിനും അന്നയ്ക്കുമൊപ്പം ടിയാന ഇപ്പോൾ കട്ടപ്പന സന്ന്യാസിഓടയിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.